
‘ കോഴിക്കോട് : വില്പനക്കായി കൊണ്ടുവന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുൾ നാസർ (39 വയസ്സ്) എന്നയാളെ കോഴിക്കോട് ജില്ലാ ജയിൽ പരിസരത്ത് വെച്ച് കസബ ഇൻസ്പെക്ടർ ജിമ്മി. പി യുടെ നേതൃത്വത്തിലുള്ള കസബ പോലീസും, ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പ്രമോദൻ. പിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി.
കസബ സബ്ബ് ഇൻസ്പെക്ടർ സനീഷ് യു പാർട്ടിയുമൊന്നിച്ച് പെട്രോളിങ്ങ് നടത്തുമ്പോൾ നിയന്ത്രണ വിധേയമല്ലാത്ത രീതിയിൽ ഒരു കാർ പോകുന്നത് കണ്ട് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ മുന്നോട്ട് പോയ കാർ പുതിയറ ജംഗഷനിലെ ബ്ലോക്കിൽപ്പെടുകയും പോലീസ് പിടിക്കുമെന്ന് തോന്നിയപ്പോൾ വീണ്ടും തിരിച്ച് ജില്ലാ ജയിൽ ഭാഗത്തേക്ക് വന്നപ്പോൾ കസബ പോലീസ് ജീപ്പ് ബ്ലോക്കിട്ട് പിടിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ കാറിനകത്ത് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് വിശദ പരിശോധനയിൽ ഇയാൾ ഇരുന്ന ഡ്രൈവർ സീറ്റിന്റെ പിറകുവശം രഹസ്യ അറയുണ്ടാക്കി അതിൽ നിന്ന് 20 ഗ്രാമോളം എം.ഡി.എം.എ യും, കാറിന്റെ ഡിക്കിയിലെ സ്റ്റപ്പിനി ടയറിന്റെ അടിവശത്തായി രഹസ്യ അറ ഉണ്ടാക്കി അതിൽ 1.633 കിലോഗ്രാം കഞ്ചാവും സൂക്ഷിച്ചുവെച്ചത് പോലീസ് കണ്ടെടുക്കുകയായിരുന്നു.
കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മലപ്പുറം ഭാഗത്ത് നിന്ന് വന്ന ഒരാൾ ലഹരി വിതരണം ചെയ്യുന്നു എന്നുള്ള രഹസ്യ വിവരത്തിനടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത് പിടിച്ചെടുത്ത കഞ്ചാവിന് മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലയും എം ഡി എം എ യ്ക്ക് 4 ലക്ഷത്തോളും വില വരും. ലഹരികടത്തുകാരിൽ ഇയാൾ പ്രമുഖനാണെന്നും, ബാംഗ്ലൂരിൽ നിന്നും മൊത്തമായി മയക്കുമരുന്ന് കൊണ്ടുവന്ന് ചില്ലറവിൽപ്പന നടത്തുകയാണ് പ്രതി ചെയ്തിരുന്നത്. ഇയാളുടെ ഫോണും ബാങ്ക് അക്കൗണ്ടും കസബ പോലീസ് പരിശോധിച്ചു വരികയാണെന്നും, ഇയാളിൽ നിന്ന് മറ്റു ലഹരി വില്പനക്കാരുടെ വിവരങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും, കസബ പോലീസ് അവരെ നിരീക്ഷിച്ചു വരികയാണെന്നും പറഞ്ഞു. കസബ സബ്ബ് ഇൻസ്പെക്ടർ സനീഷ് യു , എ.എസ്.ഐ സജേഷ് കുമാർ.പി , എസ്.സി. പി.ഒ മാരായ ഷിജിത്ത്, ദീപു ,അബ്ദുറഹ്മാൻ, രതീഷ്, സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു എം , സുജിത് സി. കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




