
കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ നിർമാണം പൂർത്തിയാകാതെ ദിവസവും ഉദ്ഘാടന മാമാങ്കങ്ങൾ അരങ്ങേറവെ, മാനാഞ്ചിറ-വെള്ളിമാട്കുന്ന് നാലുവരിപ്പാത ആദ്യഘട്ട ഉദ്ഘാടനം തിങ്കളാഴ്ച്ച മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റീച്ച് പ്രവൃത്തിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഉദ്ഘാടനം നടക്കുന്ന മാനാഞ്ചിറ – മലാപ്പറമ്പ് റീച്ചിൽ ഡ്രെയിനേജ്, ഡക്ട് എന്നിവയ്ക്ക് സ്ലാബിടൽ, നടപ്പാതയിൽ ഇന്റർലോക്ക് പതിക്കൽ, ഡിവൈഡറുകൾ സ്ഥാപിക്കൽ എന്നിവയാണ് ശേഷിക്കുന്നത്. ഇതിന് ആഴ്ച്ചകളോ മാസങ്ങളോ വേ ണ്ടി വരും. തിങ്കൾ രാവിലെ 10ന് മലാപ്പറമ്പിലാണ് ചടങ്ങുകൾ ആരംഭിക്കുക. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഒ സദാശിവൻ, എം കെ രാഘവൻ എം പി തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനശേഷം മന്ത്രി മുഹമ്മദ് റിയാസ് ഘോഷയാത്രയായി മാനാഞ്ചിറയിലേക്കെത്തും. അവിടെ സിഎസ്ഐ ഹാളിൽ പൊതുപരിപാടിയുമുണ്ട്.
കേരള റോഡ് ഫണ്ട് ബോർഡിൻ്റെ കോഴിക്കോട് നഗരപാത വികസന പദ്ധതിയിൽ 8.392 കിലോമീറ്ററാണ് 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നത്. ഇതിൽ പ്രവൃത്തി ഏറെക്കുറെ പൂർത്തിയായ മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിൽ 5.320 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയായാണ് ആദ്യഘട്ട വികസനം.. മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന് 76.90 കോടി രൂപയാണ് ചെലവ്. 8.5 മീറ്റർ വീതിയുള്ള രണ്ട് ഭാഗങ്ങളാണ് റോഡിനുണ്ടാകുക. നടുവിൽ മീഡിയനും ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഒമ്പതോളം ജങ്ഷനുകളുണ്ട്. മലാപറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് പ്രവൃത്തിക്ക് ആകെ നീളം 3.027 കിലോമീറ്ററാണ്. 50.49 കോടി രൂപയാണ് ചെലവ്.



