
എറണാകുളം : നേഴ്സുമാരുടെ സമരത്തെ കൊലവിളി എന്നാക്ഷേപിച്ച സീറോ മലബാർ സഭാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഫാ. അജി പുതിയാപറമ്പിലിൻ്റെ ഫേസ്ബുക് പോസ്റ്റ് –
-*കൊലവിളിയല്ലത്….. നിലവിളിയാണ് !!!*
സംസ്ഥാന വ്യാപകമായി കേരളത്തിലെ നേഴ്സുമാർ നടത്തുന്ന സമരത്തെ സംബന്ധിച്ച് ‘സീറോ മലബാർ മീഡിയ കമ്മിഷൻ്റെ’ പ്രസ്താവന കണ്ടു. തികച്ചും *വസ്തുതാ വിരുദ്ധമാണത്* എന്ന് പറയാതെ വയ്യ. അതിജീവനത്തിനായി അവർ നടത്തുന്ന പോരാട്ടത്തെ വക്രീകരിക്കാനും പൊതു സമൂഹത്തിൽ സംശയം വളർത്താനുമാണ് അതിൽ കിണഞ്ഞു ശ്രമിച്ചിട്ടുള്ളത്.
നേഴ്സുമാരുടെ സമരം ക്രൈസ്തവ സ്ഥാപനങ്ങളെ തകർക്കുന്നതിനാണ് എന്നാണ് സീറോമലബാർ സഭ അതിൽ പറഞ്ഞു വെക്കുന്നത്. ഇത് സത്യത്തോടുള്ള ബോധപൂർവ്വമായ നിഷേധമാണ്. ആശയപരമായി ഒരു സമരത്തെ നേരിടാനാകാതെ വരുമ്പോൾ, അതിനെ പരാജയപ്പെടുത്താനായി അധികാരികൾ പൊതുവേ പ്രയോഗിക്കാറുള്ള ഹീനമായ തന്ത്രമാണിത്. ആശയങ്ങളെ നേരിടേണ്ടത് ആശയങ്ങൾ കൊണ്ടാകണം. അസത്യം കൊണ്ടാകരുത്…. കൈയ്യൂക്കു കൊണ്ടുമാവരുത്….
നേഴ്സുമാരുടെ സമരം ആർക്കെങ്കിലുമെതിരാണെന്ന് തോന്നുന്നില്ല. അവർ സമരം ചെയ്യുന്നത് *അവരുടെ അവകാശങ്ങൾക്കു വേണ്ടിയാണ്. വേതന വർദ്ധനവിനു വേണ്ടിയാണ്*.
അപ്പോൾ എന്തായിരിക്കണം സഭ ചർച്ച ചെയ്യേണ്ടത് ? അവർ ഉയർത്തുന്ന ആവശ്യങ്ങളിലെ ന്യായാന്യായങ്ങളെ കുറിച്ചായിരിക്കണം..
വികാരപരമായിട്ടല്ല വിവേകത്തോടെ വേണം വിഷയങ്ങളെ വിശകലനം ചെയ്യാൻ. ഇവിടെ നേഴ്സുമാർ ഉയർത്തുന്ന വിഷയം വേതന വർദ്ധനവാണ് .
അപ്പോൾ പ്രധാനമായും മൂന്ന് ചോദ്യങ്ങൾക്കാണ് ഉത്തരം തേടേണ്ടത്….
1. ഇപ്പോൾ അവർക്ക് ലഭിക്കുന്ന വേതനം ന്യായമാണോ?
2.നീതിപൂർവ്വകമാണോ?
3.മാന്യമാണോ?
വേതനത്തെ കുറിച്ച് കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനം ഇപ്രകാരമാണ്.
വേതനം,
1. Just Wages . [നീതി പൂർവകമായിരിക്കണം ]
2. Fair wages. [ന്യായമായിരിക്കണം ]
3. Decent wages. [മാന്യമായിരിക്കണം ] തൊഴിലാളിക്ക് മാത്രമല്ല, കുടുംബത്തിനും മാന്യമായി ജീവിക്കാൻ ഉതകുന്ന തരത്തിൽ , നീതിക്ക് നിരക്കുന്ന, ന്യായമായ വേതനമാണ് നൽകേണ്ടത്…
സഭയുടെ ധാർമ്മിക പഠനങ്ങളെ ആഴത്തിൽ സ്വാധീനിച്ച വിശുദ്ധ തോമസ് അക്വിനാസ് മധ്യകാലഘട്ടത്തിൽ തന്നെ, ന്യായമായ വേതനത്തെ കുറിച്ച് തൻ്റെ വിഖ്യാത ഗ്രന്ഥമായ ‘സുമ്മ തിയോളജിക്ക’യിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. ന്യായമായ വേതനത്തെ സൂചിപ്പിക്കാൻ അദ്ദേഹം ഉപയോഗിക്കുന്ന വാക്ക് ന്യായവില (Just Price) എന്നതാണ്. സാമ്പത്തിക ധാർമ്മികതയുടെ അടിസ്ഥാനം നീതിയും ന്യായവും ആകണമെന്നും ലാഭം ആയിരിക്കരുതെന്നും അദ്ദേഹം കർശനമായി നിഷ്കർഷിക്കുന്നുണ്ട്.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 2434-ാം ഖണ്ഡിക പറയുന്നതും മാന്യമായ വേതനത്തെ കുറിച്ചാണ്.
ലെയോ പതിമൂന്നാമൻ മാർപ്പാപ്പ 1891 ൽ പുറത്തിറക്കിയ *റേരും നൊവാരും* മുതൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1991 ൽ പ്രസിദ്ധീകരിച്ച *ചെന്തേസിമൂസ് ആനൂസ്* വരെയുള്ള അഞ്ച് മഹത്തായ സാമൂഹ്യ പ്രബോധനങ്ങളും പഠിപ്പിക്കുന്നത് തൊഴിലിൻ്റെ മഹത്വവും തൊഴിലാളികളോട് ചെയ്യേണ്ട നീതിയുമാണ്.
ഇനി നേഴ്സുമാരുടെ കാര്യമെടുക്കുക. *അവർക്ക് ദീർഘകാലത്തെ പഠനമുണ്ട്. ഭീമമായ പഠനച്ചെലവുണ്ട്. കഠിനമായ അധ്വാനമുണ്ട്. പകലും രാത്രിയും ഷിഫ്റ്റുണ്ട്. ജോലിയാകട്ടെ അത്യാവശ്യമുള്ളതും. എന്നിട്ടും അവർക്ക് ലഭിക്കുന്നതോ കേരളത്തിലെ ഒരു അവിദഗ്ധ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ താഴ്ന്ന കൂലിയും.*
നേഴ്സുമാരുടെ മാത്രമല്ല സഭാസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നല്കുന്ന വേതനത്തെ കുറിച്ചും ഗൗരവമായ ആത്മപരിശോധനയ്ക്ക് ഈ അവസരത്തിൽ സഭാനേതൃത്വം തയ്യാറാകണം. ഏറ്റവും ചുരുങ്ങിയത് കപ്യാരന്മാർക്ക് നല്കുന്ന വേതനത്തെ കുറിച്ചെങ്കിലും. സർക്കാർ നിഷ്കർഷിക്കുന്ന മിനിമം വേതനമോ, ESI, PF ആനുകൂല്യങ്ങളോ അവർക്ക് നൽകുന്നുണ്ടോ?
നേഴ്സുമാരുടെ സമരത്തോട് സഭയ്ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അവരെ ശ്രവിക്കുകയും ന്യായമായ ആവശ്യങ്ങൾ വേഗത്തിൽ അംഗീകരിക്കുകയുമാണ്. സുവിശേഷം, പ്രസംഗിച്ചു കാണിക്കേണ്ട കലയല്ലെന്നും ജീവിച്ചു തീർക്കേണ്ട സന്ദേശമാണെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള സുവർണ്ണാവസരവുമാണിത്.
ഫാ. അജി പുതിയാപറമ്പിൽ
(12-03-2026)




