Politics

വന്‍കുടലിലെ ക്യാന്‍സര്‍; പൊതുജന അവബോധം കുറവെന്ന് സര്‍വേ റിപ്പോര്‍ട്ട്

5.6 ശതമാനം പേര്‍ വീട്ടുവൈദ്യങ്ങളെ ആശ്രയിക്കുന്നു

കോഴിക്കോട്: വന്‍കുടലിലെ ക്യാന്‍സര്‍ ബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ വളരെ കുറഞ്ഞ അവബോധം മാത്രമാണുള്ളതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലോക വന്‍കുടല്‍ ക്യാന്‍സര്‍ മാസത്തോടനുബന്ധിച്ച് മെര്‍ക്ക് സ്‌പെഷ്യാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി സംഘടിപ്പിച്ച സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 14 ഇന്ത്യന്‍ നഗരങ്ങളിലായി നടത്തിയ ജീവിതശൈലി, ദഹനാരോഗ്യ അവബോധ സര്‍വേ പ്രകാരം വന്‍കുടലിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ഗുരുതരമാണെന്ന സംശയം കോഴിക്കോട് നിവാസികളില്‍ 19.9 ശതമാനം പേര്‍ക്ക് മാത്രമാണുള്ളതെന്ന് വ്യക്തമായി.

കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നടന്ന പത്രസമ്മേളനത്തില്‍ പുറത്തിറക്കിയ സര്‍വെ പ്രകാരം കോഴിക്കോട് നഗരവാസികളില്‍ 61.5 ശതമാനം പേരും ഇറെഗുലര്‍ ബവല്‍ മൂവ്‌മെന്റ് അനുഭവിക്കുന്നതായും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് 45.6 ശതമാനം പേര്‍ വീട്ടുവൈദ്യങ്ങളെ ആശ്രയിക്കുമ്പോള്‍ മലത്തില്‍ രക്തം കണ്ടാല്‍ പോലും 24.6 ശതമാനം പേരും സ്വയം ചികിത്സ നടത്തുകയാണെന്ന് വ്യക്തമായി. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ. വി. ഗംഗാധരന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ഹെഡ് ഡോ. ശ്രീലേഷ് കെ.പി, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് വാര്‍ത്താസമ്മേനളത്തില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

കൊല്‍ക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കോഴിക്കോട്, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, കൊച്ചി, ലഖ്നൗ, മുംബൈ, പൂനെ എന്നിവയുള്‍പ്പെടെ 14 പ്രധാന ഇന്ത്യന്‍ നഗരങ്ങളിലായി 25-നും 65-നും ഇടയില്‍ പ്രായമുള്ള 10,198 വ്യക്തികളില്‍ നിന്നാണ് രാജ്യവ്യാപകമായി നടത്തിയ സര്‍വേയില്‍ പ്രതികരണങ്ങള്‍ ശേഖരിച്ചത്. തുടര്‍ച്ചയായ മലവിസര്‍ജ്ജന ശീലത്തിലെ മാറ്റങ്ങള്‍, മലത്തില്‍ രക്തം, വയറിലെ അസ്വസ്ഥത, ക്ഷീണം, അല്ലെങ്കില്‍ വിശദീകരിക്കാത്ത ശരീരഭാരം കുറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ഡോ. കെ. വി. ഗംഗാധരന്‍ പറഞ്ഞു. തുടക്കത്തിലേ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് കുടലിലെ ക്യാന്‍സറെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close