Politics
സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ടി.കെ. ഗോവിന്ദൻ; ‘തിരുത്തുമെന്ന വിശ്വാസമില്ല’

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎം സംസ്ഥാന നേതൃത്വത്തെ തള്ളിയും രൂക്ഷമായി വിമർശിച്ചും തളിപ്പറമ്പ് നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ. തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ട് പോകുമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽ തനിക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പാർട്ടി തെറ്റ് തിരുത്തുമെന്ന് പലതവണ നേതൃത്വം ആവർത്തിച്ചിട്ടുള്ളതാണ്. എന്നാൽ പ്രായോഗികതലത്തിൽ ഇതുവരെ മാറ്റങ്ങളുണ്ടായിട്ടില്ല. വാക്കിലും പ്രവർത്തിയിലും ഒരുപോലെ മുന്നോട്ട് പോകുന്ന നേതൃത്വമായിരുന്നുവെങ്കിൽ പാർട്ടിക്ക് ഇത്തരമൊരു അപചയം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അണികൾക്ക് കാര്യങ്ങൾ തുറന്നുപറയാമെന്ന നിലപാട് സ്വാഗതാർഹമാണെങ്കിലും അത് നടപ്പിലാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിക്ക് തിരിച്ചടി നേരിടാൻ കാരണം താഴെത്തട്ടിലുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറാകാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെ ടി.കെ. ഗോവിന്ദൻ അനുസ്മരിച്ചു. അണികളെ കേൾക്കാനും തിരുത്തലുകൾ വരുത്തി പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകാനും കോടിയേരിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. അത്തരമൊരു ജനകീയ നേതൃത്വം പാർട്ടിയിൽ തിരികെ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




