KERALA
മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിൽ പോസ്റ്റർ യുദ്ധം; ഹൈക്കമാൻഡിനും ഗാന്ധി കുടുംബത്തിനുമെതിരെ വിമർശനം

കോഴിക്കോട്: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നു. ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കോഴിക്കോട്ടും വയനാട്ടിലും വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചാൽ കേരളം മാപ്പ് നൽകില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിലെ പ്രധാന മുന്നറിയിപ്പ്.എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധിയുടെ പെട്ടിയെടുപ്പുകാരൻ എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പോസ്റ്ററുകൾ വ്യക്തമാക്കുന്നു.വയനാട് ഇനി ഒരു സുരക്ഷിത മണ്ഡലമായി കാണേണ്ടെന്നും ജനവികാരം മാനിച്ചില്ലെങ്കിൽ തിരിച്ചടി നേരിടുമെന്നും രാഹുലിനും പ്രിയങ്കയ്ക്കും പോസ്റ്ററിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. വയനാട് ഡി.സി.സി ഓഫീസിന് സമീപവും മുക്കം കാരശ്ശേരിയിലുള്ള പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലുമാണ് പ്രധാനമായും പോസ്റ്ററുകൾ കണ്ടത്.പ്രതിഷേധത്തിന് പിന്നിൽ വി.ഡി സതീശൻ അനുകൂലികളാണോ അതോ കെ.സി വേണുഗോപാൽ പക്ഷമാണോ എന്ന കാര്യത്തിൽ പരസ്പര സംശയം നിലനിൽക്കുകയാണ്. സതീശനെ ഗാന്ധി കുടുംബത്തിന് എതിരാക്കാനുള്ള നീക്കമാണോ ഇതെന്ന് ഒരു വിഭാഗം സംശയിക്കുമ്പോൾ, ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാനുള്ള വി.ഡി ഗ്രൂപ്പിന്റെ തന്ത്രമാണെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.




