
കോഴിക്കോട് : രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതിന് ശേഷം കേരള പോലീസിൽ നടപ്പാക്കി വരുന്ന രാഷ്ട്രീയപ്രേരിത പകപോക്കൽ സ്ഥലംമാറ്റത്തെ രൂക്ഷമായി വിമർശിച്ച് തൃശൂർ ജില്ലയിലെ ഒരു റിട്ടയേഡ് പോലീസുകാരൻ സർവ്വീസിലുള്ള സുഹൃത്തുക്കൾക്കയച്ച കത്ത് വൈറലാകുന്നു. സർക്കാർ മാറ്റത്തിന് ശേഷം, വിരമിക്കാൻ എട്ട് മാസം മാത്രം ബാക്കിയുള്ള പോലീസുകാരെ വരെ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കയാണ്. ചിലർ ഈ രാഷ്ട്രീയ പകപോക്കൽ ട്രാൻഫറിനെതിരെ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു. പിണറായി വിജയൻ്റെ കാലത്ത് പോലിസിലെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് മാത്രമെ സ്ഥലം മാറ്റം നടത്തിയിരുന്നുള്ളൂവെങ്കിൽ ഇന്ന് സ്ഥിതി മറിച്ചാണ്. നിയമ വിരുദ്ധ സ്ഥലംമാറ്റം നടപ്പാക്കാൻ മടിച്ച ചില ജില്ലാ പോലീസ് മേധാവികളെ ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മർദത്തിലാക്കി അനുസരിപ്പിച്ചതായും റിപോർട്ടുണ്ട്. ഈ സാഹചര്യത്തിൽ റിട്ട. പോലീസുകാരൻ്റെ കുറിപ്പ് സേനയിൽ ചർച്ചയായി. കുറിപ്പ് ഇങ്ങനെ /
കേരള പോലീസ് രാഷ്‌ടീയ വിഭജനത്തിലേക്ക് നീങ്ങുന്നുവോ ?
“കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള സ്ഥലം മാറ്റങ്ങളിലോ ,നിയമനങ്ങളിലോ അതിശയം കാണേണ്ട കാര്യമില്ല .സർക്കാർ മാറുന്നതനുസരിച്ചു മാറ്റങ്ങൾ വരുന്നത് സാധാരണ കാഴ്ചയാണ് .രാഷ്‌ടീയ ആഭിമുഖ്യമുള്ള സംഘടനകൾ പറയുന്നതനുസരിച്ചു നീളത്തിലും ,വണ്ണത്തിലും സ്ഥലം മാറ്റികൊടുക്കാൻ വകുപ്പ് മേധാവികൾ മിടുക്കന്മാരാണ് .ഇന്നലെയും ഇന്നും എന്ന നിലയിലുള്ള വള്ളങ്ങളിൽ കാലുവച്ചുള്ള മേധാവികളുടെ അഭ്യാസം കേരളം കാലകാലങ്ങളായി കാണുന്നതാണ് .എന്നാൽ ഇത്തവണത്തെ കൗതുകം എന്തെന്ന് വച്ചാൽ ഈ അഭ്യാസം പോലീസിലേക്കും പടർന്നിരിക്കുന്നു .പോലീസിൽ നിന്നും സ്ഥലംമാറ്റങ്ങളും ,കോടതി സ്റ്റേയും നിത്യവാർത്തയാകുന്നു .അതിനിടയിൽ ഒരു പോലീസ് നേതാവിനെ കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്തു എന്ന വാർത്തയും കേൾക്കുന്നു .ഇതര സർവ്വീസ് മേഖലകളിൽ നിന്നും പോലീസിനെ വ്യത്യസ്തമാക്കുന്നത് സേനയുടെ അച്ചടക്കമാണ് .ഈ അച്ചടക്കത്തെ പാടെ റദ്ദ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരു സ്റ്റേറ്റിന്റെ അപചയമാണ് ,ഭാവിയിലേക്കുള്ള അപകടമാണ് .രാഷ്‌ടീയമുള്ള സർവ്വീസ് മേഖലകളിൽ നിന്ന് പോലും കാണാത്ത കാഴ്ചകൾ ,കേൾക്കാത്ത വർത്തമാനങ്ങൾ പോലീസിൽ നിന്നുമുണ്ടാകുന്ന അവസ്ഥ എത്രമാത്രം ഭയാനകമാണ് എന്ന് ഊഹിക്കാമല്ലോ .പോലീസ് അസോസിയേഷനുകളിൽ രൂപപ്പെട്ട രാഷ്‌ടീയമാണ് പോലീസിനെ ഈ ഗതിയിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത് .പിണറായി വിജയൻ ഒരു പരിധിക്ക് അപ്പുറം പോലീസ് അസോസിയേഷൻകാരെ അടുപ്പിച്ചിരുന്നില്ല എന്നാണ് കിട്ടിയ വിവരം അത് കൊണ്ട് തന്നെ കൊഞ്ച് ചാടിയാൽ മുട്ടോളം അല്ലെങ്കിൽ ചട്ടിയിൽ എന്നയവസ്ഥയിൽ നിന്നും പത്ത് വർഷം പ്രതിപക്ഷത്ത് ഇരുന്ന പാർട്ടി അധികാരത്തിൽ വന്ന സമയത്ത് ആ രാഷ്‌ടീയത്തെ ആവോളം ഉപയോഗിക്കുന്ന പോലീസ് നേതാക്കന്മാർ അറിഞ്ഞോ അറിയാതയോ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് .അതിനു ഒത്താശ ചെയ്യുന്ന രാഷ്‌ടീയക്കാർക്കും ,ഭരണാധികാരികളും ,ഉദ്യോഗസ്ഥ മേധാവികൾക്കും ആ മുറിഞ്ഞുവീഴുന്ന കൊമ്പ് കൊണ്ട് ഗൗരവമായ പരിക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് .പരിമിതമായ സ്വാതന്ത്ര്യം കൊടുത്തിട്ടുള്ള ഒരു വിഭാഗം അത്യന്ത്യം രാഷ്‌ടീയ പരിലാളനകളിലേക്ക് പോയാൽ കൃത്യമായ രാഷ്‌ടീയ വിഭജനമാകും നടപ്പിലാക്കുക .അത് സാധാരണക്കാരായ മനുഷ്യർ ആശ്രയത്തിനായി എത്തിച്ചേരുന്ന പോലീസ് സ്റ്റേഷനിലേക്ക് വേഗത്തിൽ പടരും .പ്രാദേശിക രാഷ്‌ടീയകാരും പോലീസും വിവിധ കക്ഷി വിഭജനങ്ങൾ കാണിക്കും .ഉന്നത ഉദ്യോഗസ്ഥർക്ക് അത് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും .അരാജകത്വം പടർന്നു കയറാൻ നിമിഷങ്ങൾ പോലും വേണ്ടിവരില്ല .സൂക്ഷ്മതയോടെ കാര്യങ്ങൾ കണ്ടില്ലെങ്കിൽ കേരളം വിദൂരമല്ലാത്ത സമയത്ത് ഈ കാഴ്ചകൾ കാണേണ്ടി വരും .ഭരണാധികാരികൾക്ക് രാഷ്‌ടീയ താല്പര്യങ്ങൾ നടപ്പിലാക്കാൻ പോലീസിനെ ഉപയോഗിക്കുന്നതു പോലെയല്ല പോലീസ് തന്നെ രാഷ്‌ടീയ താല്പര്യങ്ങൾ നടപ്പിലാക്കാൻ സ്വയം പ്രവർത്തിക്കുന്നത് .മൂക്കു കയർ ഇടേണ്ട സമയത്ത് മൂക്കു കയർ തന്നെയിടണം അല്ലെങ്കിൽ അശാന്തി നിറഞ്ഞ ദിനങ്ങൾ തന്നെയായിരിക്കും കേരളത്തിനെ കാത്തിരിക്കുന്നത് “.




