
കോഴിക്കോട് : ആദിവാസികൾക്കായുള്ള വയനാട് മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ വാങ്ങി രഹസ്യ പ്രാക്ടീസ് നടത്തിവന്ന “സർക്കാർ ഡോക്ടറെ ” മടയിൽ ചെന്ന് കൈയ്യോടെ പൊക്കി കോഴിക്കോട് വിജിലൻസ്.മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ തിരുവനന്തപുരം ആനയറ സ്വദേശി ഡോ .വി ശിവപ്രസാദിനെ (48) യാണ് മലപ്പുറം ജില്ലയിലെ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സ്വകാര്യ പ്രാക്ടീസിനിടെ രോഗികളായി അഭിനയിച്ചെത്തിയ കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജു,ഇൻസ്പെക്ടർ കെ.ശംഭുനാഥ് സബ്ഇൻസ്പെക്ടർ സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർ അബ്ദുൽസലാം, സിവിൽ പോലീസ് ഓഫീസർമാരായ ശോജി, രാഹുൽ എന്നിവർ അടങ്ങുന്ന സംഘം കൈയോടെ പിടികൂടിയത്. സർക്കാർ മെഡിക്കൽ കോളേജുകളിലെ നോൺ പ്രാക്ടീസിഗ് അലവൻസ് വാങ്ങിവരുന്ന ഡോക്ടർമാർ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പ്രാക്ടീസ് നടത്തി വരുന്നതായി വിജിലൻസ് മന്ത്രിയായ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് കർശന നടപടി സ്വീകരിച്ചത്. ആദിവാസികളുടെ ചികിത്സ ഉറപ്പുവരുത്താൻ സ്ഥാപിച്ച വയനാട് ജില്ലയിലെ മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയാക് തെറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ. വി. ശിവപ്രസാദ്. ഇന്ന് രാവിലെ ഹൃദ്രോഗ ചികിത്സിയ്ക്കെന്ന പേരിൽ മലപ്പുറം കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെത്തി ഒ.പി. ടിക്കറ്റ് എടുത്താണ് ഡിവൈഎസ്പിയും ബന്ധുക്കളെന്ന പേരിൽ പോലീസ് സംഘവും അകത്തു കടന്നത്. മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും മാസം മൂന്നു ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്ന ഇയാൾ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന ആസ്റ്റർ മിംസ് കോട്ടക്കൽ ആശുപത്രിയിൽ നിന്നും ഏകദേശം ഏഴ് ലക്ഷത്തോളം രൂപയടക്കം പ്രതിമാസം 10 ലക്ഷം രൂപ ശമ്പളം വാങ്ങി വരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി . പ്രൈവറ്റ് പ്രാക്ടീസിൻ്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട ഇയാൾ മുൻ സർക്കാർ ഭരണകാലത്ത് ആരോഗ്യ വകുപ്പിനെ സ്വാധീനിച്ചാണ് വയനാട് ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റിങ് തരപ്പെടുത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ സർക്കാർ ശമ്പളം കൈപ്പറ്റി പ്രൈവറ്റ് ആശുപത്രികളിൽ പ്രാക്ടീസ് നടത്തിവരുന്ന 200 ഓളം ഡോക്ടർമാർ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകും. ഡോക്ടർക്കെതിരെ വിശദമായ റിപോർട്ട് ആരോഗ്യ വകുപ്പിന് കൈമാറി.



