
കോഴിക്കോട് : വർഷങ്ങൾക്ക് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ച കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിലുണ്ടായ പടലപിണക്കം തൊഴുത്തിൽ കുത്തിലേക്ക് നീങ്ങുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്തിൽ മില്ലി മോഹനെതി രെ , പ്രസിഡൻ്റ് സ്ഥാനം ആഗ്രഹിച്ചിരുന്ന ഒരു വനിതാ നേതാവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നീക്കമാണ് തൊഴുത്തിൽ കുത്തിലേക്ക് നീങ്ങാൻ കാരണം. 28 അംഗ ഭരണസമിതിയിൽ കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. പ്രസിഡൻ്റാകാൻ മറ്റൊരു വനിതാ നേതാവ് കൊതിച്ചിരുന്നെങ്കിലും ഭരണമികവ് കണക്കിലെടുത്ത് റിട്ട. ഹയർ സെക്കണ്ടറി അധ്യാപിക കൂടിയായ മില്ലി മോഹനെയാണ് കോൺഗ്രസ് നേതൃത്വം പരിഗണിച്ചത്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന മില്ലിക്ക് ലഭിക്കുന്ന സ്വീകാര്യതയും മാധ്യമ ശ്രദ്ധയും വനിതാ നേതാവിനെ ചൊടിപ്പിച്ചതായി പറയുന്നു. കോഴിക്കോട് നഗരത്തിലെയടക്കം പ്രധാന പൊതു-സ്വകാര്യ പരിപാടികളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാന്നിധ്യമുണ്ട്. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിലും മാധ്യമങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികളിലും ക്ഷണിതാവായ മില്ലി മോഹൻ്റെ ചിത്രങ്ങൾ മിക്ക ദിവസവും മാധ്യമങ്ങളിലും ചാനലുകളിലും വരുന്നത്, പ്രസിഡൻ്റ് പദവി മോഹിച്ചിരുന്നവർക്ക് ദഹിക്കുന്നില്ല. ഇതുമൂലം ഭരണ സമിതിയുടെ തുടക്കം മുതൽ കല്ലുകടി ആരംഭിച്ചതായാണ് വിവരം. ജില്ലാ പഞ്ചായത്തിൽ നിലവിലുള്ള മുഴുവൻ ജീവനക്കാരേയും മാറ്റണമെന്ന ഇവരുടെ നിർദ്ദേശത്തോട് മില്ലി മോഹൻ യോജിച്ചില്ലത്രെ. കഴിവുള്ള, സിസ്റ്റത്തോടൊപ്പം നിൽക്കുന്ന ജീവനക്കാർ തുടരട്ടെ എന്നാണ് പ്രസിഡൻ്റിൻ്റെ നിലപാട്. മുഴുവൻ ജീവനക്കാരേയും ഒറ്റയടിക്ക് മാറ്റിയാൽ അത് ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനം താളം തെറ്റാൻ കാരണമാകുമെന്ന് പറഞ്ഞാണ് പ്രസിഡൻ്റ് അതിന് തയ്യാറാവാത്തതെന്ന് മില്ലി അനുകൂലികൾ പറയുന്നു. തുടർന്ന് പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എട്ടു കോൺഗ്രസ് അംഗങ്ങളിൽ 7 പേരും ഡിസിസി പ്രസിഡന്റിനു കത്തു നൽകിയതായും അറിയു ന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് യോഗത്തിനു മുന്നോടിയായി നടന്ന പാർലമെന്ററി പാർട്ടി യോഗ ത്തിൽ കോൺഗ്രസിലെ 7 അംഗ ങ്ങളും സിഎംപി അംഗവും പങ്കെടുത്തില്ല.
സ്‌കിൽ ഡ വലപ്മെൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മേയ് 11ന് നടന്ന യോഗത്തിൽ കോൺഗ്രസിലെ രണ്ടു അംഗങ്ങൾ ഇറങ്ങിപോക്ക് നടത്തി വിയോജിച്ചിരുന്നു. ഈ നിയമനത്തിന് ഇതര വിഭാഗം കച്ചവടം പറഞ്ഞുറപ്പിച്ചിരുന്നുതായും മില്ലി മോഹൻ “കച്ചവട നിയമനത്തെ ” ശക്തമായി എതിർത്തതായും പറയുന്നു.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തയാറാക്കിയ പട്ടിക പ്രകാരം ഇന്റർവ്യൂ നടത്തി നിയമനവു മായി മുന്നോട്ടു പോയത് ശരിയ ല്ലെന്നാണ് അംഗങ്ങൾ പറയുന്ന ന്യായം.
ജില്ലാ പഞ്ചായത്തിലെ പലതസ്തികകളിലെയും താൽക്കാലിക നിയമനങ്ങളിൽ നേരത്തേയുള്ളവർക്ക് നീട്ടിക്കൊടുക്കുന്ന സമീപനം പ്രസിഡന്റ് സ്വീകരി ക്കുന്നതായുമാണ് പല അംഗങ്ങ ളുടെയും ആരോപണം. ഈ നിയമനങ്ങളാകട്ടെ ഒരു വിഭാഗം കച്ചവടം പറഞ്ഞുറപ്പിച്ചതാണത്രെ. കഴി ഞ്ഞ ദിവസം നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചയായി.
ജില്ലാ പഞ്ചായത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത് അനുസരിച്ചു മാത്രമാണ് കാ ര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് അംഗങ്ങൾ ഡിസിസി നേതൃത്വത്തെ ഉൾപ്പെടെ അറിയിച്ചത്. പ്രശ്നം ചർച്ച ചെയ്യാൻ ഡിസി സി നേതൃത്വം അടുത്ത ദിവസം യോഗം വിളിക്കുമെന്നാണ് അറിയുന്നത്. ചിലരുടെ കുത്തിതിരുപ്പ് മൂലം സുഗമമായി ഭരിക്കാൻ കഴിയുന്നില്ലെന്ന് മില്ലി മോഹൻ അറിയിച്ചിരുന്നതായി കോൺഗ്രസിലെ ഒരു ജില്ലാ നേതാവ് പറഞ്ഞു. ജില്ലയിലെ പ്രധാന വേദികളിൽ മില്ലി മോഹൻ ഷൈൻ ചെയ്യുന്നത് മറ്റൊരു വനിതാ നേതാവിൻ്റെ സമനില തെറ്റിക്കുന്നതായാണ് പാർട്ടിയിലെ ഉപശാലാ സംസാരം. ഒരു വേള എം എൽ എ സീറ്റിലേക്ക് പരിഗണിച്ചിരുന്ന മില്ലിക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായുള്ള വ്യക്തിപരമായ അടുപ്പവും എതിർ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷം വോട്ടർമാർ തിരിച്ചു നൽകിയ ജില്ലാ പഞ്ചായത്ത് ചില സങ്കുചിത മനോഭാവക്കാരുടെ ഇടപെടലിൽ നഷ്ടമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.




