KERALAlocaltop news

വന്യമൃഗശല്യമുള്ള ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്ത് താമസിക്കുന്നയാളെ പുനരധിവസിപ്പിക്കണം : മനുഷ്യവകാശ കമ്മീഷൻ

 

 

കോഴിക്കോട് : കടുത്ത വന്യമൃഗശല്യമുള്ള ഉരുൾപൊട്ടൽ മേഖലയായ കൂരാച്ചുണ്ടിലെ ഉൾപ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ അവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും പരിഗണിച്ച് നിയമാനുസരണം മുൻഗണനാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി.

കൂരാച്ചുണ്ട് അമ്പലംകുന്ന് കോളനിയിൽ താമസിക്കുന്ന ജി. ഗീതയെ പുനരധിവസിപ്പിക്കാനാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം അറിയിക്കണമെന്നും ജില്ലാ കളക്ടർക്കും ജില്ലാ പട്ടികവർഗ വികസന ഓഫീസർക്കും നിർദ്ദേശം നൽകി.

തനിക്ക് ഭർത്താവും മകനും നഷ്ടമായെന്നും അടച്ചുറപ്പില്ലാത്ത തകർന്ന വീട്ടിലാണ് താമസിക്കുന്നതെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. ലാന്റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൂരാച്ചുണ്ട് വില്ലേജിൽ പരാതിക്കാരി താമസിക്കുന്ന 4.05 ആർ ഭൂമിയിൽ കടുത്ത വന്യമൃഗശല്യവും ഉരുൾപൊട്ടൽ ഭീഷണിയുമുണ്ടെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞു. ചക്കിട്ടപ്പാറ കുളത്തൂർ എസ്റ്റേറ്റിലെ ഭൂമി പരാതിക്കാരി ആവശ്യപ്പെട്ടെ ങ്കിലും നേരത്തെ പട്ടയം അനുവദിച്ച കക്ഷികളെ നേരിട്ട് അറിയിക്കേണ്ടതുണ്ട്. അപേക്ഷകയുടെ അർഹത പരിശോധിച്ച് പതിവധികാരിയായ കളക്ടർക്ക് തീരുമാനമെടുക്കാമെന്ന് ലാന്റ് റവന്യു കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ കൊയിലാണ്ടി തഹസിൽദാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്.

പരാതിക്കാരിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ജില്ലാ കളക്ടർ ഇക്കാര്യത്തിൽ നിയമാനുസൃതം നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close