crimeKERALA

ലോണ്‍, സ്വര്‍ണ്ണം, വസ്തു തട്ടിപ്പ്; ഇരയായി നിരവധി കുടുംബങ്ങള്‍ മുഖ്യകണ്ണി വിദേശത്തേക്ക് കടന്നതായി പരാതിക്കാര്‍

കോഴിക്കോട്: ലോണ്‍ തട്ടിപ്പിന് ഇരയായി വീട് ജപ്തി ഭീഷണിയില്‍ ആയതിനെ തുടര്‍ന്ന് വാടക വീട്ടിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ് പൂനത്ത് തീയ്യക്കണ്ടി വീട്ടില്‍ ശാരദയും കുടുംബവും. 83 വയസ്സുള്ള ശാരദയുടെയും മകന്‍ സുരേന്ദ്രന്റെയും പേരില്‍ വീടുള്‍പ്പടെയുള്ള 43 സെന്റ് സ്ഥലമാണ് പാളയം യൂക്കോ ബാങ്ക് ജപ്തി ചെയ്യാന്‍ ഒരുങ്ങുന്നത്. 2018ല്‍ കേരളാ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്ന് ഇവര്‍ 15 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ടൈല്‍സ് പണിക്കാരനായ സുരേന്ദ്രന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി വസ്തു ജപ്തി ഭീഷണിയിലായി. ഈ സമയം, സുരേന്ദ്രന്റെ സുഹൃത്തായ കോക്കല്ലൂര്‍ സ്വദേശി സുരേഷന്‍ വഴിയാണ് തട്ടിപ്പ് സംഘം സുരേന്ദ്രന്റെ വീട്ടില്‍ എത്തുന്നത്. പുതിയപാലത്ത് സ്‌കില്‍ടെക് എന്ന സ്വര്‍ണ്ണവ്യാപാര സ്ഥാപനം നടത്തുന്ന സത്യപ്രകാശ്, ബന്ധുവായ കാരന്തൂര്‍ കോമശേരി വീട്ടില്‍ ബിനോയ് കെ., മുക്കം പന്നിക്കോട് ഇളയടത്ത് തൊടിയില്‍ ഷൈജു എ.പി., കണ്ണൂര്‍ സ്വദേശി വൈശാഖ് കെ.പി, സലിനന്‍, ബിനീഷ് ബെന്നി എന്നിവരാണ് തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടവര്‍. ജപ്തി ഒഴിവാക്കി തരാം എന്നും പാളയം യൂക്കോ ബാങ്കില്‍ സ്വാധീനം ഉണ്ടെന്നും പറഞ്ഞ് കുടിശ്ശികയായ 19.50 ലക്ഷം രൂപ അടച്ച് ഇവര്‍ കേരളാ ബാങ്കിലെ ലോണ്‍ ക്ലോസ് ചെയ്തു. പിന്നീട് യൂക്കോ ബാങ്കില്‍ 40 ലക്ഷം രൂപയ്ക്ക് വായ്പ്പ എടുക്കാം എന്ന് പറഞ്ഞ് ശാരദയെകൊണ്ടും സുരേന്ദ്രനെ കൊണ്ടും ബാങ്ക് രേഖകളില്‍ ഒപ്പ് വെപ്പിച്ചു. ഇതില്‍ 10 ലക്ഷം രൂപ സുരേന്ദ്രന് കൊടുക്കാമെന്നും ബാക്കി 10 ലക്ഷം രൂപ തങ്ങള്‍ വായ്പയായി തിരിച്ചടച്ചോളാം എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. 10 ലക്ഷത്തിന്റെ വായ്പ ആദ്യം ഷൈജുവും സത്യപ്രകാശനും തിരിച്ചടയ്ക്കാമെന്നായിരുന്നു എഗ്രിമെന്റ്. എന്നാല്‍, തങ്ങള്‍ക്ക് തരാമെന്ന് വാഗ്ദാനം ചെയ്ത 10 ലക്ഷം തന്നില്ല. കൂടാതെ, 8 മാസങ്ങള്‍ക്ക് ശേഷം തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്ക് റിക്കവറി സംഘം വീട്ടില്‍ എത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് ഈ കുടുംബം തിരിച്ചറിയുന്നത്.

 

https://youtu.be/mgF8DiyNZ4Q?si=-zV09Ob6FOllQPmM

50 ലക്ഷം മാത്രം മതിപ്പ് വിലയുള്ള വീടും സ്ഥലവും ബേങ്ക് മേനജറായ ഗുജറാത്ത് സ്വദേശി സുനില്‍ പത്രോയുമായി ഒത്തുകളിച്ച് ഒന്നര കോടി(1.5 കോടി) രൂപയാണ് സത്യപ്രകാശും സംഘവും തട്ടിയെടുത്തത്. സുനില്‍ പത്രോ സ്ഥലം മാറി പോയതിന് ശേഷം വന്ന പുതിയ ബാങ്ക് മേനേജരാണ് ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത്. പലിശ സഹിതം ഇപ്പോള്‍ 2 കോടിയോളം രൂപ കുടിശ്ശികയായി. ആഗസ്റ്റ് 30ന് ജപ്തി ഉണ്ടാകുമെന്നാണ് ബാങ്കില്‍ നിന്ന് അറിയിച്ചിരിക്കുന്നത്. വടകര എസ്പി ഓഫീസിലും കമ്മീഷണര്‍ ഓഫീസിലും മുഖ്യന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ക്കും സുരേന്ദ്രന്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ സത്യപ്രകാശന്‍ വിദേശത്തേയ്ക്ക് കടന്നുകളഞ്ഞതായാണ് വിവരം. മറ്റ് കൂട്ടാളികള്‍ കൈ മലര്‍ത്തുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മുക്കം പാലക്കുടിയില്‍ ജോര്‍ജ്ജ് പി.ജോസിന്റെ 1.3 കോടിരൂപയുടെ സ്വര്‍ണ്ണ ഉരുപ്പടികളാണ് ലാഭം വാഗ്ദാനം ചെയ്ത് ഇവര്‍ നിക്ഷേപമായി വാങ്ങി വഞ്ചിച്ചത്.

https://youtu.be/-OK-jWZ_90o?si=DLIbDMEoTF8qAvqH

കെഎസ്എഫ്ഇയില്‍ 60 ലക്ഷം രൂപ ലോണ്‍ ഉണ്ടായിരുന്ന മലപ്പുറം കിഴിപ്പറമ്പ് കുനിയില്‍ ബഷീറിന്റെ വീടും 47 സെന്റ് സ്ഥലവും 2.5 കോടിരൂപയ്ക്കാണ് യൂണിയന്‍ ബാങ്കില്‍ സമാനമായ രീതിയില്‍ വായ്പ എടുത്ത് മുങ്ങിയത്. മുക്കം കുളങ്ങര സ്വദേശി മണികണ്ഠന്റെ 3.5 കോടി രൂപയാണ് നിക്ഷേപം സ്വീകരിച്ച് ഇവര്‍ തട്ടിയെടുത്തത്. സത്യപ്രകാശിന്റെ പേരില്‍ കസബ സ്‌റ്റേഷനില്‍ മാത്രം 13 വഞ്ചനാ കേസുകള്‍ നിലവില്‍ ഉണ്ട്. നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ 3 കേസും. മാനഹാനി ഭയന്ന് പലരും തങ്ങള്‍ വഞ്ചിക്കപ്പെട്ടത് പുറത്ത് പറയാത്ത സാഹചര്യമാണ്. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതികളായ സത്യപ്രകാശ്, ഷൈജു, ബിനോയ് തുടങ്ങിയവര്‍ക്കും യൂക്കോ ബാങ്ക് മേനേജര്‍ സുനില്‍ പത്രോയ്ക്ക് എതിരെയും തക്കതായ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പൂനത്ത് തീയ്യക്കണ്ടി വീട്ടില്‍ ശാരദ, മകന്‍ സുരേന്ദ്രന്‍ ടി.കെ., ഭാര്യ രമ, സുമേഷ്.കെ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close