
കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയ്ക്ക് സമീപം 3.5 കിലോയോളം MDMA പിടികൂടിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് കോഴിക്കോട് എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്. കേസിൽ ഇതുവരെ 10 പേരെ പ്രതികളാക്കി. പ്രധാന പ്രതികൾക്ക് പിന്നിൽ സംസ്ഥാനാന്തര മയക്കുമരുന്ന് ശൃംഖലയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
2026 ഏപ്രിൽ 23-ന് കൊണ്ടോട്ടി സ്വദേശി ഷഫീഖ് പി.കെ (36), കോഴിക്കോട് അടിവാരം സ്വദേശിനിയും യൂട്യൂബ് ഇൻഫ്ലുവൻസറുമായ ഫാത്തിമ നസ്രിൻ (20) എന്നിവരെ ഹ്യുണ്ടായ് ക്രെറ്റ കാറിൽ MDMAയുമായി പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. കേരളത്തിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് കേസുകളിലൊന്നായതിനാൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നൽകി.
More News : മായ രാഹുലിനെ പാലാ നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തു
കാറിന്റെ ആർ.സി ഉടമ മലപ്പുറം കുഴിമണ്ണ സ്വദേശി ഉമ്മർ ഫാറൂഖ് (36) ചോദ്യം ചെയ്യുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായും എക്സൈസ് പറയുന്നു. ഇയാളെ മൂന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. തുടർന്ന് അന്വേഷണത്തിൽ സംഘത്തിന്റെ പ്രധാന കണ്ണിയായി മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് മുസ്തഫ എന്ന ബിലാലിനെ (28) കണ്ടെത്തി. മഹാരാഷ്ട്രയിലെ കങ്കാവലിയിൽ നിന്ന് ഡൽഹി വഴി നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇയാളെ അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തുടർന്നുള്ള അന്വേഷണത്തിൽ രാജസ്ഥാനിലെ ജയ്പൂരുമായി ബന്ധമുള്ള ഹിരൺ കാർത്തികേയൻ (31), സഹായി ഗഗൻ എന്ന ആരോമൽ (22), തമിഴ്നാട്ടിലെ തെങ്കാശിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന റംസിയ (26), കോഴിക്കോട് സ്വദേശി നൗഷാദ് (49), മഹാരാഷ്ട്രയിലെ കാർ വർക്ക്ഷോപ്പ് ജീവനക്കാരനായ സന്ദേശ് മോഹൻ വാൽക്കേ (27) എന്നിവരെയും അറസ്റ്റ് ചെയ്തു. കേസിലെ എട്ടാം പ്രതിയായ നൈജീരിയൻ പൗരൻ ഇമ്മാനുവൽ അഫാമിനെ (46) കണ്ടെത്താനുള്ള നടപടികളും തുടരുകയാണ്.
മയക്കുമരുന്ന് കടത്തിനായി കാറിൽ രഹസ്യ അറ നിർമ്മിച്ചതും, ജയ്പൂരിലെ ഒളിത്താവളങ്ങളിൽ MDMA സൂക്ഷിച്ചതും അന്വേഷണത്തിൽ കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു. ഷഫീഖും ബിലാലും നേരത്തെ നടത്തിയ മയക്കുമരുന്ന് ഇടപാടുകളിൽ നിന്നുള്ള പണം വീണ്ടും നിക്ഷേപിച്ച് വലിയ മയക്കുമരുന്ന് ശൃംഖല കെട്ടിപ്പടുക്കാൻ ശ്രമിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ബിലാലിന് ആയുധക്കടത്തുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
സിം കാർഡുകൾ ഒഴിവാക്കി വിദേശ നമ്പറുകളിൽ രജിസ്റ്റർ ചെയ്ത വാട്സാപും വൈ-ഫൈയും ഉപയോഗിച്ചായിരുന്നു പ്രതികളിൽ ചിലരുടെ ആശയവിനിമയം. ഇതോടെ ടവർ ലൊക്കേഷനും കോൾ ഡാറ്റയും കണ്ടെത്തുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പ്രതികളുടെ യാത്രകളും ഒളിത്താവളങ്ങളും കണ്ടെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലായി ഏകദേശം 15,000 കിലോമീറ്റർ സഞ്ചരിച്ച SIT, 8,000-ത്തോളം ഫോൺ കോളുകൾ, 50-ലേറെ മൊബൈൽ ഫോണുകൾ, 160-ഓളം ടവർ ലൊക്കേഷനുകൾ, 30-ലേറെ ബാങ്ക് അക്കൗണ്ടുകൾ, 10 ടോൾ പ്ലാസകളിലെ രേഖകൾ, നൂറിനടുത്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചു. അഞ്ച് ലോഡ്ജുകളും എട്ട് വീടുകളും റെയ്ഡ് ചെയ്തു. നാല് CCTV ഹാർഡ് ഡിസ്കുകൾ, നിരവധി രേഖകൾ, 24 ഗ്രാം MDMA, 13 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
കേസിൽ ഇനി രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ വിവരങ്ങൾ പുറത്തുവിടാതിരുന്നതാണ് പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് കൂടുതൽ അറസ്റ്റുകൾ നടത്താൻ സഹായിച്ചതെന്നും എക്സൈസ് അറിയിച്ചു.
കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന്റെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.




