localPoliticstop news

ഖുര്‍ആന്റെ പേരില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന  മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങള്‍ മാപ്പു തരില്ല : പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍

കോഴിക്കോട് കളക്റ്ററേറ്റില്‍ യുഡിഎഫ് നേതാക്കളുടെ ഉപവാസ സമരം

കോഴിക്കോട്: ഖുര്‍ആന്റെ പേരില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന  മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങള്‍ മാപ്പു തരില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ‘സ്പീക്ക് അപ്പ് കേരള’ യുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കോഴിക്കോട് കളക്റ്ററേറ്റില്‍ നടന്ന യുഡിഎഫ് നേതാക്കളുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീക്കൊള്ളികൊണ്ട് തലചൊറിയരുതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും മനസിലാക്കണം.  ശബരിമല പ്രശ്‌നം നിരുത്തരവാദപരമായി കൈകാര്യം ചെയ്ത ഇടതു സര്‍ക്കാരിനെയും മുന്നണിയെയും  കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിച്ചതാണ്.  പരിശുദ്ധ ഖുര്‍ആനെ മറയാക്കി വര്‍ഗീയ കാര്‍ഡ് ഇറക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം കേരളത്തിലെ ജനങ്ങള്‍ പൊറുക്കില്ല. അദ്ദേഹത്തിന് മാപ്പും നല്‍കില്ല – മുനീര്‍ പറഞ്ഞു.
തലയില്‍ മുണ്ടിട്ട് എന്‍ഐഎയുടെയും ഇഡിയുടെയും മുന്നില്‍ ഹാജരാകേണ്ട ഗതികേടിലെത്തിയ മന്ത്രി ജലീലിനെ സംരക്ഷിക്കാന്‍ വേണ്ടി വര്‍ഗീയതയെ തുരുപ്പുചീട്ടായി ഇറക്കുകയാണ് മുഖ്യമന്ത്രിയെന്ന്
യോഗത്തില്‍ അധ്യക്ഷത വഹിച്ച യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തില്‍ തന്റെ ഓഫീസില്‍ നടന്ന ഗൂഡാലോചനയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ധിഖ് പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍ തുക വെട്ടിച്ച ഇടത് സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരായി മാറിയെന്നും സിദ്ധിഖ് പറഞ്ഞു.
ചടങ്ങില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എ, എന്‍, സുബ്രഹ്മണ്യന്‍, അഡ്വ. പ്രവീണ്‍ കുമാര്‍, അഡ്വ. പിഎം നിയാസ്, കെ.സി. അബു, യു. രാജീവന്‍, ഐ.മൂസ, എന്‍.സി. അബൂബക്കര്‍, ബാലകൃഷ്ണന്‍ കിടാവ്, വി.എം. ചന്ദ്രന്‍, ഉമ്മര്‍ പാണ്ടികശാല, അഹമ്മദ് പുന്നക്കല്‍, സി.പി. നരേന്ദ്രനാഥ്, ടി.കെ.ബാലഗോപാലന്‍,  വി.സി. ചാണ്ടി മാസ്റ്റര്‍, പി.എം.ജോസ് ജോര്‍ജ്ജ്, നാരായണന്‍ കുട്ടി മാസ്റ്റര്‍,   വീരാന്‍ കുട്ടി, അച്ചുതന്‍ പുതിയെടത്ത്, സത്യന്‍ കടിയങ്ങാട്, കെ.പി. ബാബു, സുനില്‍ മടപ്പള്ളി, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, ആദം മുന്‍ഷി, പി.കെ. രാഗേഷ്, ദേവദാസ് കുട്ടമ്പൂര്‍, കെ.എം. ഉമ്മര്‍, കെ.പി. രാജന്‍, മൊയ്തീന്‍ കോയ .പി, മനോളി ഹാഷിം എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close