localtop news

ആദിവാസി ഊരുകളിൽ ആഹ്ലാദകൂട്ടങ്ങളൊരുക്കാൻ എസ്.എസ്.കെ ‘നാട്ടരങ്ങ്’ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയിൽ ഏകാന്തതയും മാനസിക സംഘർഷങ്ങളുമനുഭവിക്കുന്ന ആദിവാസി, മലയോര മേഖലയിലെയും തീരദേശങ്ങളിലെയും കുട്ടികൾക്കായി പഞ്ചദിന ക്യാമ്പുകളൊരുക്കി കോഴിക്കോട് സമഗ്ര ശിക്ഷ. നാട്ടരങ്ങുകൾ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഓൺലൈനായി നിർവഹിച്ചു. കുട്ടികളിലെ സ്വതസിദ്ധമായ വാസനകൾ മനസ്സിലാക്കി അവരുടെ വ്യത്യസ്തമായ കഴിവുകൾ പഠനത്തോടൊപ്പം വികസിപ്പിച്ചെടുക്കുന്നതിന് നാട്ടരങ്ങ് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
കക്കയം, അടുക്കൻമല, ചെമ്പുകടവ്, മുത്തപ്പൻപുഴ, പൊക്കുന്നുമല, പാത്തിപ്പാറ, പശുക്കടവ്, വരകുന്ന്, ചാലിയം, പയ്യാനക്കൽ, ചോമ്പാല തുടങ്ങി ജില്ലയിലെ 21 കോളനി പ്രദേശങ്ങളിലായി അതിജീവനകാലത്തെ ആഹ്ലാദക്കൂട്ടങ്ങൾ എന്ന പേരിലാണ്  നാട്ടരങ്ങുകൾ സംഘടിപ്പിക്കുന്നത്.
കോവിഡ് കാലത്ത് പഠനം ഓൺലൈൻ കേന്ദ്രിതമായപ്പോൾ ടി.വി, ടാബ്ലറ്റ്, കേബിൾ, സ്മാർട്ട് ഫോൺ തുടങ്ങിയ സൗകര്യങ്ങളില്ലാതിരുന്ന കുട്ടികൾക്കായി  ഓൺലൈൻ പഠന കേന്ദ്രങ്ങളും മറ്റ്  സൗകര്യങ്ങളും ഒരുക്കിയ പദ്ധതിയുടെ തുടർച്ചയായാണ്  ക്യാമ്പുകൾ.
 സാമൂഹ്യപരമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായാണ് സമഗ്ര ശിക്ഷ പഞ്ചദിന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.  പ്രകൃതി നടത്തം, പ്രതിഭകളുമായുള്ള മുഖാമുഖങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഷോട്ട് ഫിലിം നിർമ്മാണം തുടങ്ങി ഓരോ മേഖലയിലും  കുട്ടികളിൽ കൗതുകവും ജീവിതനൈപുണി വികാസവും ഉറപ്പാക്കുന്നതാണ്.
ജില്ലയിലെ 15 ബി.ആർ.സി പരിധികളിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. അതതു പ്രദേശത്തെ ജനപ്രതിനിധികൾ, പ്രാദേശിക വിദഗ്ധർ, കലാകാരന്മാർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നി വരെയെല്ലാം കണ്ണിചേർത്താണ് നാട്ടരങ്ങ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വിവിധ ബി.ആർ.സികളിലായി നടക്കുന്ന പഞ്ചദിന ക്യാമ്പുകൾ ഫെബ്രുവരി 10നകം പൂർത്തീകരിക്കും,
 ബാലുശ്ശേരി ബ്ലോക്കിലെ കക്കയം ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സി.പി.ഒ വസീഫ് .വി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡണ്ട് റസീന യൂസഫ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ അമ്മദ്, സിമിലി ബിജു, ഡാർലി എബ്രഹാം, ഡയറ്റ് സീനിയർ ലക്ചറർ ഡോ.അശോകൻ, പ്രധാനാധ്യാപകൻ അബ്ദുൽറഹ്മാൻ പി.കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close