
കോഴിക്കോട് : കഴിഞ്ഞ ഒക്ടോബറിൽ നടന്ന രണ്ട് ഉദ്ഘാടനങ്ങളുടെ ചെലവുതുക പാസാക്കാത്ത ഉദ്യോഗസ്ഥർ ക്കെതിരെയടക്കം നഗരസഭാ ഓഫീസിലെ കെടുകാര്യസ്ഥതക്കു നേരെ വിരൽ ചൂണ്ടി വികസന സ്ഥിരം സമിതി അധ്യക്ഷൻ തന്നെ രംഗത്തിറങ്ങി. മേയർ ഒ. സദാശിവൻ്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഉദ്യോഗസ്ഥരുടെ മെല്ലെ പോക്ക്, കെ. സ്മാർട്ടിലെ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഭരണപക്ഷ അംഗം കൂടിയായ സ്ഥിരം സമിതി അധ്യക്ഷൻ വി.പി. മനോജ് രംഗത്തിറങ്ങിയത്. ശ്രദ്ധക്ഷണിക്കലിലായിരുന്നു മനോജിൻ്റെ പ്രതിഷേധം. മന്ത്രിയും മേയറും പങ്കെടുത്ത പരിപാടിയുടെ ബിൽ നിയമാനുസൃതം പാസാക്കേണ്ടതിന് പകരം ചില ഉദ്യോഗസ്ഥർ ഉരുട്ടികളിക്കുകയാണെന്ന് മനോജ് വികാരാധീനനായി പറഞ്ഞു. ഒരു സ്ഥിരം സമിതി അധ്യക്ഷൻ തന്നെ ഇത്തരത്തിൽ പറയേണ്ടിവന്നത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തന്നെയാണെന്ന് യു ഡി എഫ് കൗൺസിൽ പാർട്ടി ലീഡർ എസ്.വി മുഹമ്മദ് ഷമീൽ തങ്ങൾ ചൂണ്ടികാട്ടി.
ഒക്ടോബറിലെ പരിപാടിക്കുള്ള മുൻകൂർതുക ജെ.എച്ച്.ഐ.ക്ക് അനുവദിക്കാൻ തീരുമാനിച്ചെങ്കിലും ആ ഫയൽ ഡിസംബറിലാണ് തിരിച്ചെത്തിയതെന്ന് സെക്രട്ടറി എൻ.കെ. ഹരീഷ് പറഞ്ഞു. കെ സ്മാർട്ടിലെ സാങ്കേതികപ്രശ്നമാണ് വില്ലനായത്. പണം അനുവദിക്കുന്നതിനുള്ള നടപടിയെടുക്കാൻ എലത്തൂർ മേഖലാ ഓഫീസിലെ ക്ലാർക്കിനോട് പറഞ്ഞിരുന്നു. എന്നാൽ, അയാൾ ഒരു മാസത്തെ അവധിയെടുത്ത് പോയെന്നും സെക്രട്ടറി വിശദീകരിച്ചു. ആ ക്ലർക്ക് കരുതിക്കൂട്ടി ധിക്കാരo കാണിക്കുകയാണെന്ന് വി.പി. മനോജ് കുറ്റപ്പെടുത്തി. മുൻപ് പല തവണ പരാതിപ്പെട്ടിട്ടും ഒരിക്കലും ഉദ്യോഗസ്ഥ വീഴ്ചയിൽ നടപടിയുണ്ടാകുന്നില്ലെന്ന് കൗൺസിലർ ടി.രനീഷ് കുറ്റപ്പെടുത്തി.
പൊതുജനങ്ങൾക്ക് കെ സ്മാർട്ട് സേവനം നല്ലരീതിയിൽ പ്രയോജനപ്പെടുന്നുണ്ട്. എന്നാൽ ഓഫീസിനുള്ളിലെ ഫയലുകളിൽ സാങ്കേതികപ്രശ്നങ്ങളുണ്ടെന്നും. ഇൻഫർമേഷൻ കേരള മിഷനിൽനിന്ന് തന്നെ മാറ്റമുണ്ടാകണമെന്നും സെക്രട്ടറി വിശദീകരിച്ചു. ഇത്തരം ധാർഷ്ട്യത്തിനെതിരെ
നടപടിയെടുക്കേണ്ടത് മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിയുമാണെന്നും അതിനു കഴിയുന്നില്ലെങ്കിൽ രാജിവെക്കട്ടേയെന്നും യുഡിഎഫിലെ സി.പി. സലീം പറഞ്ഞു. കുറ്റകരമായ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടല്ല കോർപ്പറേഷന്റേതെന്നും പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് മേലുദ്യോഗസ്ഥരാണെന്നും മേയർ മറുപടി നൽകി .
മഴക്കാലപൂർവശുചീകരണത്തിനായി മണ്ണുമാന്തിയന്ത്രം ആവശ്യപ്പെട്ടപ്പോൾ ഇൻഷൂറൻസ് അടക്കാത്തതിനാൽ ലഭിച്ചില്ലെന്ന് യുഡിഎഫിലെ കെ. സി. ശോഭിത ആരോപിച്ചു. വാഹനങ്ങളുടെ അറ്റകുറ്റപ്പണി എൻജിനീയറിങ് വിഭാഗത്തിനാണെന്നും ആരോഗ്യവിഭാഗത്തിലെ ക്ലാർക്കാണ് ഇൻഷൂറൻസ് കാര്യങ്ങൾ ചെയ്യേണ്ടെന്നും പലരും കൃത്യമായ ചുമതലവഹിക്കുന്നില്ലെന്നും സെക്രട്ടറി പരിതപിച്ചു. ഉദ്യോഗസ്ഥരുടെ ഫയലുകൾ കൃത്യമായി പരിശോധിച്ച് ജോലി ചെയ്യാത്തവരേയും ധാർഷ്ട്യക്കാരേയും നിലക്കു നിർത്തണമെന്ന് ശോഭിത ആവശ്യപ്പെട്ടു.




