crimeKERALAlocalOtherstop newsVIRAL

സ്ഥാനാര്‍ത്ഥിയോ ചീഫ് ഇലക്ഷന്‍ ഏജന്റോ ഇല്ലാതെ ജെ.ഡി.റ്റിയിലെ സ്‌ട്രോങ് റൂം തുറന്ന് അട്ടിമറി ശ്രമം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെ.ഡി.ടിയില്‍ സ്‌ട്രോങ് റൂം തുറന്നത് വിവാദമായി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ്് സ്‌ട്രോങ് റൂം തുറന്നത്. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഉള്‍പ്പെടെ 24 മണിക്കൂറും യു.ഡി.എഫ് നിരീക്ഷണമുണ്ടായിരുന്നു ഇവിടെ. അവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ സ്ഥലത്തെത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ സ്‌ട്രോങ് റൂമിലിരുന്ന് ലാപ്‌ടോപ്പുകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നതെന്നാണ് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ പി.ആര്‍.ഡി വഴി പത്രക്കുറിപ്പിറക്കിയത്. എന്നാല്‍, സ്ഥാനാര്‍ത്ഥികളോ അവരുടെ ചീഫ് ഇലക്ഷന്‍ ഏജന്റോ ഇല്ലാതെ സ്‌ട്രോങ് റൂം തുറന്ന് കൃത്രിമം നടത്താനുളള ഗൂഢ പദ്ധതിയാണെന്ന് വ്യക്തമാണ്. സ്‌ട്രോങ് റൂമിനു സമീപത്തെ റൂം തുറക്കുന്നതായി രിവിലെ എട്ടു മണിക്ക് റിട്ടേണിങ് ഓഫിസര്‍ ഫോണില്‍ വിളിച്ചറിയിച്ചിരുന്നെന്നും എത്തുമ്പോഴേക്കും മുറി തുറന്നിരുവെന്നും പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
ഫാത്തിമ തഹ്്‌ലിയയെയോ അവരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദലിയെയോ മുന്‍കൂട്ടി രേഖാമൂലം അറിയിച്ചില്ലെന്ന് മാത്രമല്ല, ഇവരുടെയാരുടെയും സാനിധ്യമില്ലാതെയാണ് വോട്ടെണ്ണല്‍ ദിവസം മാത്രം തുറക്കേണ്ട സ്‌ട്രോങ് റൂമില്‍ കയറിയതെന്ന് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. അതേസമയം, പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം മാത്രമാണ് തുറന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും, ആ മുറി കോഴിക്കോട് സൗത്ത് മണ്ഡലവുമായി ബന്ധപ്പെട്ടതാണെന്നാണ് പുറത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതൊരു ‘മെറ്റീരിയല്‍ റൂം’ ആണെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോഴും പ്രസ്തുത മുറി ‘സ്‌ട്രോങ് റൂം’ ആണെന്ന് പുറത്ത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയില്‍, ഉദ്യോഗസ്ഥര്‍ മുറിക്കുള്ളിലിരുന്ന് ലാപ്‌ടോപ്പുകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ചോദ്യം ചെയ്തപ്പോള്‍, പുരുഷ, സ്ത്രീ, വിദേശ വോട്ടുകളുടെ പരിശോധനയാണ് നടത്തുന്നതെന്നായിരുന്നു മറുപടി.

നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്
കോഴിക്കോട്: ഗുരുതരമായ ചട്ടം ലംഘനം നടത്തി രഹസ്യമായി വെള്ളിമാടുകുന്ന് ജെ.ഡി.ടിയിലെ സ്‌ട്രോങ് റൂം തുറക്കാന്‍ നേതൃത്വം നല്‍കിയ റിട്ടേണിങ് ഓഫീസറെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് കേരള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഐഎഎസ്, ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് എം.കെ രാഘവന്‍ എം.പി, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എം.എ റസാഖ് മാസ്റ്റര്‍ (കുന്ദമംഗലം), കെ പ്രവീണ്‍കുമാര്‍ (കൊയിലാണ്ടി), അഡ്വ.ഫാത്തിമ തഹ്്‌ലിയ (പേരാമ്പ്ര), അഡ്വ.വി.കെ ഫൈസല്‍ ബാബു (കോഴിക്കോട് സൗത്ത്) അഡ്വ.കെ ജയന്ത് (കോഴിക്കോട് നോര്‍ത്ത്), വി.ടി സൂരജ് (ബാലുശ്ശേരി) എന്നിവര്‍ പരാതി നല്‍കി.
സ്‌ട്രോങ് റൂമിന്റെ ഉള്‍വശത്തെ പരിധിക്കുള്ളില്‍ അനധികൃതമായി പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം ഉള്‍പ്പെടെയുള്ള സ്ഥാപിത മാനദണ്ഡങ്ങളുടെ ലംഘനമാണ്. അത്തരം വീഴ്ചകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെയും പവിത്രതയെയും ദുര്‍ബലപ്പെടുത്തുന്നതാണ്. പൊതുജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് റിട്ടേണിംഗ് ഓഫീസറെ ഒഴിവാക്കണം. കൂടുതല്‍ വീഴ്ചകള്‍ തടയുന്നതിന് അകത്തെ ചുറ്റളവിനുള്ളിലെ സുരക്ഷയുടെ ഉത്തരവാദിത്തം കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

നടന്നത് ഗുരുതര ചട്ടലംഘനം: എം.എ റസാഖ് മാസ്റ്റര്‍
കോഴിക്കോട്: വെള്ളിനാടുകുന്ന് ജെ.ഡി.ടി ക്യാമ്പസിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂം, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പോലീസ് തുറന്ന നടപടി അത്യന്തം ഗൗരവകരമാണെന്നും കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയുണ്ടാവണമെന്നും മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് സൗത്ത്, നോര്‍ത്ത്, പേരാമ്പ്ര, എലത്തൂര്‍, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലെ ജനവിധി സൂക്ഷിച്ചിരിക്കുന്ന അതീവ സുരക്ഷാ മേഖലയിലാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമായ ചട്ടങ്ങള്‍ നിലനില്‍ക്കെ, ഇത്തരമൊരു നീക്കം നടന്നത് ബോധപൂര്‍വമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആര്‍മിയുടെയും പോലീസിന്റെയും കാവലിന് പുറമേ, 24 മണിക്കൂറും സ്‌ട്രോങ്ങ് റൂം കേന്ദ്രം നിരീക്ഷിക്കാന്‍ യു.ഡി.എഫ് സജ്ജമാക്കിയ വൈറ്റ് ഗാര്‍ഡ് വൊളന്റിയര്‍മാരുടെ കൃത്യമായ ഇടപെടല്‍ മൂലമാണ് ഈ സുരക്ഷാ ലംഘനം പുറംലോകം അറിഞ്ഞത്. ജനാധിപത്യത്തെ അട്ടിമറിക്കാനും ക്രമക്കേടുകള്‍ നടത്തി വീണ്ടും അധികാരം പിടിക്കാനുമുള്ള ഗൂഢനീക്കമാണോ ഇതിന് പിന്നില്‍. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് എം.പി എം.കെ രാഘവന്‍, ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍കുമാര്‍, കോഴിക്കോട് സൗത്ത് സ്ഥാനാര്‍ത്ഥി അഡ്വ. ഫൈസല്‍ ബാബു, പേരാമ്പ്ര സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ, ബാലുശ്ശേരി സ്ഥാനാര്‍ത്ഥി സൂരജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി എം നിയാസ്, നോര്‍ത്ത് ഇലക്ഷന്‍ ഏജന്റ് ജെയ്‌സണ്‍, കുന്ദമംഗലം ഇലക്ഷന്‍ ഏജന്റ് ഹംസ മാസ്റ്റര്‍ ചാത്തമംഗലം എന്നിവരോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തപ്പോള്‍ കണ്ട കാ്‌ഴ്ച ആശങ്കയുയര്‍ത്തുന്നതാണ്. ഈ ഗുരുതരമായ സുരക്ഷാ വീഴ്ചക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കര്‍ശന നടപടി സ്വീകരിക്കണം. ജനവിധി അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും ഞങ്ങള്‍ അനുവദിക്കില്ല. ജനാധിപത്യത്തിന്റെ കാവലാളുകളായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉറച്ചുനില്‍ക്കുമെന്നും എം.എ. റസാഖ് മാസ്റ്റര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close