
കോഴിക്കോട് : വൻ വിലയ്ക്ക് വിൽക്കുന്ന തായ്ലാൻ്റ് പേരയ്ക്കകളിൽ ( തായ് ഗുവാ) വ്യാപകമായി മായം ചേർക്കുന്നു. കിലോയ്ക്ക് നൂറു രൂപയും അധിലധികവും വാങ്ങി വിൽക്കുന്ന പേരയ്ക്കകളിലാണ് ആരോഗ്യത്തിന് ഹാനികരമായ വിധത്തിൽ എന്തോ ദ്രാവകം കുത്തിവയ്ക്കുന്നത്. പുറമെയുള്ള മിനുക്കം നഷ്ടപ്പെടാതിരിക്കാനും , തൂക്കം വർധിപ്പിക്കാനുമാണ് ഇത്തരം കിമിനൽ കുറ്റങ്ങൾ ചെയ്യുന്നത്. പത്രാസിനായി വെളുത്ത നെറ്റ് ഉപയോഗിച്ചുള്ള കവറിങ്ങിനുള്ളിലായതിനാൽ പേരയ്ക്കക്ക് മുകളിലെ സിറിഞ്ച് പ്രയോഗം പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. പുറമെ നല്ല പച്ചനിറത്തിൽ തിളങ്ങുന്ന പേരയ്ക്ക മുറിക്കുമ്പോഴാണ് തട്ടിപ്പ് വ്യക്തമാവുക. ഉൾഭാഗം ചീഞ്ഞളിഞ്ഞ ആ പേരയ്ക്ക എറിഞ്ഞു കളയാനേ കഴിയൂ. തൊലിയുടെ ഉള്ളിലായി സിറിഞ്ച് ഇറങ്ങിയതിൻ്റെ അടയാളം കാണാം. 300 ഉം 400 ഉം ഗ്രാം വരെ തൂക്കമുള്ളതാണ് കടകളിൽ ലഭിക്കുന്ന തായ് പേരയ്ക്കകളിൽ അധികവും. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്തിനടുത്ത പ്രമുഖ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഇത്തരം പേരയ്ക്കകളിൽ ഒന്ന് മുറിച്ച് ചീയാത്ത ഭാഗം കഴിച്ച കുടുംബാംഗങ്ങൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഈ കൊടുംചൂടിൽ ജീവന് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ ഒരു നടപടിയും ഉണ്ടാവാറില്ല. കനത്ത ശമ്പളം കൊടുത്ത് സർക്കാർ തീറ്റിപ്പോറ്റുന്ന പരിശോധനാ സംവിധാനങ്ങളായ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗങ്ങൾ തുടങ്ങിയവ കണ്ണടച്ചിരിക്കുകയാണ്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നോക്കുകുത്തിയായിട്ടും ജില്ലാ കലക്ടർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ അനാസ്ഥയാണ് ഇത്തരം തട്ടിപ്പുകൾ തുടരാൻ കാരണം. ഗൾഫ് രാജ്യങ്ങളിൽ ഇങ്ങനെ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് വൻ ക്രിമിനൽ കുറ്റവും കർശന നടപടിയും ഉള്ളതിനാൽ അവിടെ ജനങ്ങൾ സുരക്ഷിതരാണ്.




