
കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിൽ പുതുതായി സർവീസിൽ പ്രവേശിച്ച ക്ലർക്കുമാർക്കായി സംഘടിപ്പിച്ച ഇൻഡക്ഷൻ കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിംഗ് പരിപാടി കോഴിക്കോട് ഐ.എം.ജി യിൽ ആരംഭിച്ചു. ജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനും സർവീസിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായാണ് ആറു ദിവസത്തെ പ്രത്യേക പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള ജീവനക്കാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ. കെ. ഹരീഷ് നിർവ്വഹിച്ചു. ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. ജിഷിത്ത്, കോഴ്സ് കോ-ഓർഡിനേറ്ററും സീനിയർ സൂപ്രണ്ടുമായ ഇ. മുഹമ്മദലി ഇർഷാദ്, ദിൽന എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ, തദ്ദേശ ഭരണം, സദ്ഭരണം, ലൈസൻസിംഗ്, തദ്ദേശ ഭരണ നിയമങ്ങളും ചട്ടങ്ങളും, വേസ്റ്റ് മാനേജ്മെന്റ്, ബിൽഡിംഗ് പെർമിറ്റ്, വിവരാവകാശ നിയമം, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, കെ.എസ്.ആർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. ഓഗസ്റ്റ് ഒന്നിന് പരിശീലന പരിപാടി പരീക്ഷയോടെ അവസാനിക്കും.




