
ചെന്നൈ: തമിഴ്നാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.സൂപ്പർ താരം അജിത്ത് ആണ് ഇത്തവണ ആദ്യം വോട്ട് ചെയ്ത വ്യക്തി. അദ്ദേഹം ഏഴ് മണിക്കു മുൻപേ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ആരംഭിച്ചതോടെ വലിയ തിരക്കാണ് തമിഴ്നാട്ടിലെ പല പോളിങ് ബൂത്തുകളിലും അനുഭവപ്പെട്ടത്.പ്രത്യേകിച്ച് ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് മടങ്ങുന്നവരുടെ വൻ തിരക്കുണ്ട്.ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ലാത്തതും പലയിടത്തും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.
തമിഴ്‌നാട്ടിലെ 234 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. അതേസമയം, പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് പതിനാറു ജില്ലകളിലെ 152 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.




