KERALAlocaltop news

കേരളത്തില്‍ നാളെ മുതല്‍ വീണ്ടും തുലാവര്‍ഷം ചിലയിടങ്ങളില്‍ സജീവമാകും

കോഴിക്കോട്: കേരളത്തില്‍ ചൊവ്വ മുതല്‍ വീണ്ടും തുലാവര്‍ഷം ചിലയിടങ്ങളില്‍ സജീവമാകും. ഇന്ന് (തിങ്കള്‍) തെക്കന്‍ ജില്ലകളിലും കൂടുതല്‍ മേഖലകളിലും മധ്യ, വടക്ക് ജില്ലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ തുടര്‍ച്ചയായ ചാറ്റല്‍ മഴയോ ഇടവിട്ടുള്ള ഇടത്തരം മഴയോ പ്രതീക്ഷിക്കാം. തെക്കന്‍ ജില്ലകളില്‍ പൂര്‍ണമായും മേഘാവൃതം ആകും. വടക്കന്‍ ജില്ലകളില്‍ ഭാഗിക മേഘാവൃതവും ഒറ്റപ്പെട്ട മഴയുമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

കന്യാകുമാരി കടല്‍ മുതല്‍ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും അറബിക്കടലില്‍ കേരള തീരത്തു നിന്ന് മാലദ്വീപ് വരെയുള്ള ന്യൂനമര്‍ദ പാത്തിയും തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ഇന്നും മുതല്‍ മഴ സാധ്യത വര്‍ധിപ്പിക്കും. ചിലയിടങ്ങളില്‍ രാത്രി ശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കോ ഇടത്തരം മഴക്കോ സാധ്യതയുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ചാറ്റല്‍, ഇടത്തരം മഴ പ്രതീക്ഷിക്കാം. നാളെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടു കൂടെയുള്ള മഴക്കും സാധ്യതുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, അഗളി എന്നിവിടങ്ങളില്‍ മാത്രമാകും മഴ ലഭിക്കുക. ബുധനാഴ്ചയും ഇതേ മേഖലകളിലാണ് മഴ സാധ്യത. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലും കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് മഴ സാധ്യത.

ഈ മാസം 20 ന് ലക്ഷദ്വീപിനു പടിഞ്ഞാറായി ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇത് ശക്തിപ്പെട്ട് യമന്‍ തീരം ലക്ഷ്യമാക്കി നീങ്ങും. സഞ്ചാരത്തിനിടെ കടലില്‍ വെച്ച് ഇത് ചുഴലിക്കാറ്റായേക്കാനും സാധ്യതയുണ്ട്. ഈമാസം 22 ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപം മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. നവംബര്‍ 22 നോ 23 നോ ഇത് ഉടലെടുത്തേക്കാം. പതിയെ ശക്തിപ്പെടുന്ന ന്യൂനമര്‍ദം കന്യാകുമാരി കടലിലേക്കോ തെക്കന്‍ തമിഴ്‌നാട് തീരത്തേക്കോ നീങ്ങാനാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്ന സാധ്യതാ പാത. കൂടുതല്‍ കൃത്യമായ സഞ്ചാരപാത അറിയാന്‍ അടുത്ത ദിവസങ്ങളിലെ ഡാറ്റകൂടി വിലയിരുത്തേണ്ടി വരും. ഇപ്പോഴത്തെ നിരീക്ഷണത്തില്‍ ഈ സിസ്റ്റം  കേരളത്തെ ബാധിക്കാന്‍ ഇടയില്ല. തമിഴ്‌നാട് തീരത്ത് ശക്തമായ മഴക്ക് കാരണമായേക്കും. ന്യൂനമര്‍ദത്തിന്റെ നേരിയ ആനുകൂല്യം തെക്കന്‍ ജില്ലകള്‍ക്ക് ലഭിച്ചേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close