Healthlocaltop news

മേയ്ത്ര ഹോസ്പിറ്റലിന് എഫ്.എന്‍.ബി. കോഴ്സുകള്‍ക്കുള്ള ദേശീയ അംഗീകാരം;എഫ്.എന്‍.ബി. ആര്‍ത്രോപ്ലാസ്റ്റി, സ്‌പൈന്‍ സര്‍ജറിക്ക് അംഗീകാരം കിട്ടുന്ന സംസ്ഥാനത്തെ ആദ്യ സ്ഥാപനം

കോഴിക്കോട്: സന്ധി മാറ്റിവയ്ക്കല്‍ (കാല്‍മുട്ട്, ഇടുപ്പ്), നട്ടെല്ലു സംബന്ധമായ ശസ്ത്രക്രിയാ പരിശീലനം നല്‍കുന്ന എഫ് എന്‍ ബി കോഴ്‌സുകള്‍ നടത്താന്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്റെ അംഗീകാരം. എല്ല്- സന്ധി രോഗ ചികിത്സാ പരിശീലന രംഗത്തെ മികവിന്റെ കേന്ദ്രമായ മേയ്ത്ര ഈ അംഗീകാരം കിട്ടുന്ന സംസ്ഥാനത്തെ ആദ്യ സ്ഥാപനമാണ്. കാല്‍മുട്ടു/ഇടുപ്പ് മാറ്റിവയ്ക്കല്‍, നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയ എന്നിവയ്ക്ക് രണ്ടു വര്‍ഷത്തേക്കുള്ള പരിശീലനപരിപാടിയാണിത്. ആര്‍ത്രോപ്ലാസ്റ്റി, സ്‌പൈന്‍ സര്‍ജറി എന്നീ വിഭാഗങ്ങള്‍ക്കാണ് ഫെലോഷിപ്പ് നാഷണല്‍ ബോര്‍ഡ് പരിശീലനകേന്ദ്രമായി മേയ്ത്ര ഹോസ്പിറ്റലിനെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ തെരഞ്ഞെടുത്തത്.

ദേശീയതലത്തില്‍ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ പരിശീലനത്തിന് അംഗീകാരം ലഭിക്കുന്ന എട്ടാമത്തെ സ്ഥാപനവും നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയാ പരിശീലനത്തില്‍ അംഗീകാരം ലഭിക്കുന്ന പന്ത്രണ്ടാമത്തെ സ്ഥാപനവുമാണ് മേയ്ത്ര ഹോസ്പിറ്റല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ നടത്തുന്ന ദേശീയ പ്രവേശന പരീക്ഷയിലൂടെയാണ് രണ്ടു വര്‍ഷത്തെ മുഴുവന്‍ സമയ പരിശീലനത്തിനുള്ളവരെ തിരഞ്ഞെടുക്കുന്നത്. എഫ് എന്‍ ബി -ജോയിന്റ് റീപ്ലേസ്മെന്റ് സര്‍ജറി പരിശീലനത്തിന് എം എസ് ഓര്‍ത്തോപീഡിക്സ്, അല്ലെങ്കില്‍ ഓര്‍ത്തോ പീഡിക്സില്‍ ഡി എന്‍ ബി ആണ് യോഗ്യത. ന്യൂറോ സര്‍ജറിയില്‍ എം.സി.എച്ച് അല്ലെങ്കില്‍ ന്യൂറോ സര്‍ജറിയില്‍ ഡി എന്‍ ബി യോഗ്യതയുള്ളവര്‍ക്ക് എഫ് എന്‍ ബി സ്പൈന്‍ സര്‍ജറി കോഴ്സിന് അപേക്ഷിക്കാം.
രോഗീ പരിചരണത്തിന്റെ മേന്‍മ, പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം, മികച്ച അടിസ്ഥാന സൗകര്യം, അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍, രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സാ ഫലം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് നാഷണല്‍ ബോര്‍ഡ് നിരീക്ഷകര്‍ അംഗീകാരത്തിന് മേയ്ത്ര ഹോസ്പിറ്റലിനെ ശുപാര്‍ശ ചെയ്തത്. മേയ്ത്ര ഹോസ്പിറ്റലിനും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗത്തിനും അഭിമാനകരമായ നേട്ടമാണ് ഈ അംഗീകാരമെന്ന് ഹോസ്പിറ്റല്‍ സി.ഒ.ഒ. എബ്രഹാം സാമുവല്‍ രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആതുരശുശ്രൂഷകര്‍ ഓരോ നിമിഷവും വരുന്ന പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയാല്‍ മാത്രമേ മികച്ച രോഗീപരിചരണം ഉറപ്പുവരുത്താന്‍ സാധിക്കൂ എന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗം ചെയര്‍മാന്‍ ഡോ. ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു. മേയ്ത്ര ഹോസ്പിറ്റലിലെ എഫ് എന്‍ ബി പരിശീലന പരിപാടിയിലൂടെ പുതിയ തലമുറയിലെ ചികിത്സകര്‍ക്ക് ഏറ്റവും മികച്ച പരിശീലനം നല്‍കാനും ജനങ്ങള്‍ക്ക് ഏറ്റവും സങ്കീര്‍ണമായ എല്ല് – സന്ധിമാറ്റി വയ്ക്കല്‍ പോലുള്ള ശസത്രക്രിയകളില്‍ മികച്ച ഫലമുണ്ടാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യകള്‍ വളരുന്നുണ്ടെങ്കിലും രോഗങ്ങളുടെ കാര്യത്തിലും സങ്കീര്‍ണ്ണതകളും വെല്ലുവിളികളും വര്‍ധിച്ചു വരുന്നുണ്ടെന്നും ഈ സാഹചര്യത്തെ അതിജീവിക്കാന്‍ അത്യാധുനികമായ പരിശീലന സംവിധാനങ്ങളിലൂടെ മികച്ച ചികിത്സകരെ വാര്‍ത്തെടുക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റും മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.

ചെറിയ രോഗമായാലും സങ്കീര്‍ണമായ രോഗമായാലും ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങളും അതത് മേഖലകളിലെ അതിപ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തി മികച്ച രോഗശമനം സാധ്യമാക്കുക എന്നതാണ് മേയ്ത്ര ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനരീതിയെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ ഇ കൊട്ടിക്കോളന്‍ പറഞ്ഞു. ഏതു രോഗത്തിനും ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുന്ന മേയ്ത്ര ഹോസ്പിറ്റലിന് ദേശീയ പരിശീലന കേന്ദ്രം അനുവദിച്ചതോടെ കൂടുതല്‍ മികച്ച ചികിത്സകരെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഡോ. സമീര്‍ അലി പറവത്ത് (ജോയിന്റ് റിപ്ലേസ്മെന്റ് സര്‍ജറി കോഴ്സ് ഡയറക്ടര്‍), ഡോ. വി. വിനോദ് (സ്പൈന്‍ സര്‍ജറി കോഴ്സ് ഡയറക്ടര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close