KERALAlocal

സഹതടവുകാരനോട് നടത്തിയ കുമ്പസാരം റിപ്പര്‍ ജയാനന്ദനെ പൂട്ടി അന്വേഷണസംഘം

കൊച്ചി :  17 വര്‍ഷത്തിന് ശേഷം നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പോണേക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം നടന്ന കൊലപാതത്തിന് പിന്നിലെ പ്രതി റിപ്പര്‍ ജയാനന്ദനെന്ന് പോലീസിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവെ സഹതടവുകാരനോട് പ്രതി നടത്തിയ വെളിപ്പെടുത്തലാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പോണേക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം എഴുപത്തിനാലുകാരിയെയും ബന്ധുവായ നാരായണ അയ്യരെയും അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായി ഒന്നരപ്പതിറ്റാണ്ടിലേറെയായി നടത്തുന്ന തിരിച്ചിനൊടുവിലാണ് അറസ്റ്റ്.

2004 മെയ് 30 നാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കേസ് എറണാകുളം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കൊല നടന്ന വീട്ടില്‍ നിന്ന് പ്രതി 44 പവന്‍ സ്വര്‍ണാഭരണങ്ങളും 15 ഗ്രാം വെള്ളി നാണയവും കവര്‍ന്നിരുന്നു. വയോധികയെ ലൈംഗികമായി പീഡിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പറവൂര്‍, മാള, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടന്നതിന് പിന്നാലെ ജയാനന്ദനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഇയാളെ വെറുതെ വിടുകയായിരുന്നു.

പിന്നീട് 2003ല്‍ മാള പോലീസ് സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്ത ജോസിന്റെ കൊലപാതകമാണ് ജയാനന്ദന്‍ നടത്തിയ ആദ്യ കൊലപാതകം. 2005-ല്‍ വടക്കന്‍ പറവൂര്‍, വടക്കേക്കര പോലീസ് സ്റ്റേഷനുകളിലായി ഓരോ കൊലപാതക കേസുകളുണ്ട്. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 2006-ലെ പുത്തന്‍വേലിക്കര ബേബി കൊലപാതക കേസാണ് അവസാനമായി റെജിസ്റ്റര്‍ ചെയ്തത്. പുത്തന്‍വേലിക്കര, കൊരട്ടി, പുതുക്കാട്, കൊടകര, വിയ്യൂര്‍, കണ്ണൂര്‍ ടൗണ്‍, പൂജപ്പുര പോലീസ് സ്റ്റേഷനുകളിലായി 19 മോഷണ-പിടിച്ചുപറി കേസുകളും ഉണ്ട്.

ഇതുകൂടാതെ 2010-ല്‍ കണ്ണൂര്‍ ജയിലില്‍ നിന്നും 2013-ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും ജയില്‍ ചാടി. എല്ലാ കേസുകളിലുമായി ഒന്നിച്ച് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ് ജയാനന്ദന്‍.

ഇതിനിടയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മൂന്നുപേര്‍ മാത്രമുള്ള അതിസുരക്ഷാ സെല്ലില്‍ കഴിയുന്നിതിനിടെയാണ് പുത്തന്‍വേലിക്കര ബേബി വധക്കേസുമായി ബന്ധപ്പെട്ട് വധശിക്ഷായില്‍ ഇളവ് നല്‍കികൊണ്ടുള്ള വിധി സുപ്രീം കോടതി പുറത്തിറക്കുന്നത്. ശിക്ഷാ ഇളവ് ലഭിച്ചതോടെ സന്തോഷത്തിലായ പ്രതി സഹതടവുകാരനോട് താന്‍ നടത്തിയ പോണേക്കര ഇരട്ടക്കൊലപാതകത്തെ കുറിച്ച് ജയാനന്ദന്‍ പറയുകയായിരുന്നു. വിവരം ശേഖരിച്ച ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ തെളിവു ശേഖരിക്കുകയും പ്രതി ജയാനന്ദനാണെന്ന് തെളിയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തുകയുമായിരുന്നു.

സംഭവ ദിവസം രാത്രി 1.30-ന് പ്രതിയെ കാണാനിടയായ രണ്ട് അയല്‍വാസികളുടെ മൊഴിയാണ് പ്രധാന തെളിവായത്. പ്രതി തിരിച്ചറിയുന്നതിനായി തിരിച്ചറിയല്‍ പരേഡും നടത്തിയിരുന്നു. ഈ മാസം 24-നാണ് ജയാനന്ദനെ ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ക്ക് ശേഷം തെളിവെടുപ്പടക്കമുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close