കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 40 വയസ്സുകാരിയുടെ നെഞ്ചിന്‍കൂടിനുള്ളില്‍ നിന്ന് ഒന്നരകിലോ ഭാരമുള്ള തൈറോയ്ഡ് മുഴ വിജയകരമായി നീക്കം ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലമായി പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയും, പരിശോധനയ്ക്കിടെ കഴുത്തിലുള്ളതിനേക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള മുഴ നെഞ്ചിന്‍കൂടിനുള്ളില്‍ ഉള്ളതായി കണ്ടെത്തി.
എന്നാല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാത്രമേ മുഴ പുറത്തെടുക്കാന്‍ സാധിക്കൂള്ളൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിന് തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനെ സമീപിക്കുകയായിരുന്നു. ന്യൂറോ മോണിറ്റര്‍ സംവിധാനത്തിന്റെ സഹായത്തോടെ 4 മണിക്കൂര്‍ നീണ്ടശസ്ത്രക്രിയയ്‌ക്കൊടുവില്‍ മുഴ നീക്കം ചെയ്യാന്‍ സാധിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
തൈറോയ്ഡ് നീക്കം ചെയ്യുന്നതോടെ ശബ്ദം തരുന്ന ഞരമ്പുകള്‍, ഗ്രന്ഥിയിലേക്ക് രക്തം എത്തിക്കുന്ന ഞരമ്പുകള്‍, ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ എന്നിവയ്ക്ക് പരിക്ക് പറ്റുമെന്ന ആശങ്ക പൂര്‍ണ്ണമായും ഇല്ലാതാക്കിയാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മ്മാര്‍ അടങ്ങുന്ന സംഘം ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയത്.
ഡോ. ഹരിലാല്‍ വി നമ്പ്യാരുടെയും ഡോ. പ്രദീപി പി.വി.യുടേയും നേതൃത്വത്തില്‍, ഡോ. പ്രമോദ്, ഡോ. സനൂജ്, ഡോ. നന്ദിനി എന്നീ വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടന്നത്.
വര്‍ഷങ്ങളോളമായി ശരീരത്തിലുണ്ടായിരുന്ന മുഴ കൃത്യമായി പരിശോധിക്കാതെ സ്വയം ചികിത്സയിലൂടെ മുന്നോട്ട് പോയതാണ് രോഗിയെ ഇത്തരത്തിലൊരു സങ്കീര്‍ണ അവസ്ഥയിലെത്തിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.