KERALAlocaltop news

രാജാജി റോഡിലെ ആകാശപ്പാത രണ്ടുമണിക്കൂർ കൂടി ദീർഘിപ്പിക്കണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : രാജാജി റോഡിൽ സ്ഥാപിച്ച ആകാശപ്പാത (എസ്കലേറ്റർ /ലിഫ്റ്റ്/ഫുട്ട്ഓവർ ബ്രിഡ്ജ്) യുടെ സമയം രാത്രി രണ്ടു മണിക്കൂർ കൂടി ദീർഘിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇക്കാര്യത്തിൽ നഗരസഭാസെക്രട്ടറി സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം റോഡ് മുറിച്ചുകടക്കാൻ നിർമ്മിച്ച ആകാശപ്പാത രാത്രി 7.40 ന് അടയ്ക്കുന്നതിനെതിരെ പെരുമണ്ണ സ്വദേശികളായ അഭിലാഷ് മലയിലും വിൻസെന്റ് തടമ്പാട്ടുതാഴവും സമർപ്പിച്ച പരാതിയിലാണ് നടപടി.

കോഴിക്കോട് ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എസ്കലേറ്ററിന്റെ പ്രവർത്തന സമയം രാത്രി 9 വരെയാക്കുന്നത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എസ്കലേറ്റർ പ്രവർത്തിക്കാത്ത സമയത്ത് റോഡ് മുറിച്ചുകടക്കുന്നതിനായി കാൽനടയാത്രകാർക്ക് സംവിധാനമുണ്ടാക്കണമെന്നും നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആകാശപ്പാത പരിപാലിക്കുന്നത് പകൽസമയത്ത് മാത്രമാണെന്നും ആകാശപ്പാത പ്രവർത്തിക്കാത്ത സമയത്ത് തടസ്സം ഒഴിവാക്കുന്നതിന് കോഴിക്കോട് ട്രാഫിക് എ.സി.ക്ക് 2022 ജൂലൈ 7 ന് കത്തയച്ചിട്ടുണ്ടെന്നും നഗരസഭാസെക്രട്ടറി കമ്മീഷനെ അറിയിച്ചു.

സംസ്ഥാനത്ത് ഒരു നഗരസഭ നിർമ്മിക്കുന്ന ആദ്യ ആകാശപ്പാത എന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ സംവിധാനത്തിന്റെ പ്രയോജനം പൂർണ്ണമായും ജനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ബസ് സ്റ്റാന്റ് ഉള്ളതിനാൽ രാത്രി വൈകിയും നല്ല തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇവിടം. രാത്രി 7.40 ന് ആകാശപ്പാത ഓഫാക്കുന്നത് കാരണം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട ഒരു സംവിധാനം ഉപകാരപ്രദമാകാതെ പോകുന്നതിന് കാരണം നഗരസഭയുടെ എസ്കലേറ്റർ പരിപാലന നയമാണെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. ഇത് സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയും ഉത്തമമായ ട്രാഫിക് സംസ്കാരം ഉൾക്കൊള്ളുന്നതിനുള്ള വിമുഖതയുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close