KERALAlocaltop news

നഗരസഭയിൽ പാസ് വേഡ് ചോർത്തി കെട്ടിട നമ്പർ നൽകിയ ഉദ്യോഗസ്ഥരെ “സംരക്ഷിച്ച് ” ഭരണപക്ഷം

കോഴിക്കോട്: കോർപറേഷൻ ഓഫീസിലെ പാസ് വേഡ് ദുരുപയോഗപ്പെടുത്തി കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥനെതിരായ നടപടികൾ അയാൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കും വിധം അവസാനിപ്പിക്കാൻ കൗൺസിൽ തീരുമാനം. യു.ഡി.എഫിന്റെ വിയോജിപ്പോടെയാണ് കൗൺസിൽ തീരുമാനം. നടപടിയെടുത്ത മറ്റു ഉദ്യോഗസ്ഥരെ കേസിന്റെ പുരോഗതി നോക്കി നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പോടെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും കൗൺസിൽ തീരുമാ നിച്ചു. പാസ് വേഡ് ദുരൂപയോഗം നിലവിലും തുടരുന്നതായി       ലീഗ് കൗൺസിൽ പാർടി നേതാവ് കെ. മൊയ്തീൻ കോയ പറഞ്ഞു. കേസിൽ പുരോഗതിയില്ലെന്നും യു.ഡി.എഫ് ആരോപിച്ചു. കേസ് നടപടികൾ ത്വരിതപ്പെടുത്താൻ ആവശ്യമുയർത്തുമെന്നും കുറ്റക്കാരെന്ന് കണ്ടാൽ ജീവനക്കാർക്കെതിരായ നടപടിക്ക് ഇനിയും അവസരമുണ്ടെന്നും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു.

കണ്ടംകുളം ജൂബിലി ഹാളിന് സ്വതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരിട്ടത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊണ്ടു വന്ന ശ്രദ്ധക്ഷണിക്കലിനെ തുടർന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളവും പോർവിളിയും. സരിത പറയേരി കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കലിന് ബഹളത്തിനൊടുവിൽ മേയർ ഡോ.ബീന ഫിലിപ്പ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയംഗങ്ങൾ ഇറങ്ങിപ്പോയി. കൗൺസിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനെതിരെ വീണ്ടും ശ്രദ്ധക്ഷണിക്കൽ കൊണ്ടു വരുന്നത് ശരിയല്ലെന്ന് മേയർ നിലപാടെടുത്തു. താൻ നേരത്തേ തന്നെ അജണ്ടയെ എതിർത്തിരുന്നുവെന്ന ബി.ജെ.പിയംഗം സി.എസ്.സത്യഭാമയുടെ വാദവും പ്രതിഷേധത്തിനിടയാക്കി. സത്യഭാമ നിരന്തരം തെറ്റിദ്ദാരണയുണ്ടാക്കാൻ ശ്രമിക്കുന്നതായും കോൺഗ്രസുകാരനായ തന്നെ ലീഗുകാരനെന്ന് പോലും ബി.ജെ.പി സംഘടിപ്പിക്കുന്ന യോഗങ്ങളിൽ വിശേഷിപ്പിച്ചതായും കോൺഗ്രസിലെ എസ്.കെ.അബൂബക്കർ ആരോപിച്ചു. പ്രദേശവാസികളുടെ ആശങ്കയകറ്റണമെന്ന് ബി.ജെ.പി.യിലെ ടി.റനീഷ് ആവശ്യപ്പെട്ടു. ആശങ്കയുണ്ടെങ്കിൽ അകറ്റാൻ ശ്രമിക്കുമെന്ന് മേയർ പറഞ്ഞെങ്കിലും ബഹളം തുടർന്നതോടെ മേയർ താക്കീത് ചെയ്തെങ്കിലും ബി.ജെ.പി അംഗങ്ങൾ അനുസരിച്ചില്ല. സ്വാതന്ത്ര്യ സമരത്തിന്റെ മൊത്തം സ്മാരകം ഒരാളുടെ മാത്രമാക്കിയതിനാണ് എതിർപ്പെന്നും ഈ നിലയിൽ മുന്നോട്ട് പോയാൽ ശനിയാഴ്ചത്തെ ഹാൾ ഉദ്ഘാടനം നടക്കില്ലെന്നും ബി.ജെ.പി അംഗങ്ങൾ പറഞ്ഞു. വിവാദം നഗരത്തിന് അപമാനമാണെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. കെട്ടിട നിർമാണ അപേക്ഷാ ഫീസ് വർധനക്കെതിരെ കെ.സി. ശോഭിത കൊണ്ടു വന്ന അടിയന്തര പ്രമേയം അടുത്ത കൗൺസിലിൽ പ്രമേയമാക്കി അവതരിപ്പിക്കാമെന്ന ധാരണയിൽ മാറ്റി വച്ചു. സി.പി.സുലൈമാൻ, എസ്.കെ.അബൂബക്കർ, എസ്.എം.തുഷാര, ഓമന മധു, എം.പി.സുരേഷ്, എടവഴിപീടികയിൽ സഫീന, കെ.റംലത്ത്, എം.പി.ഹമീദ്, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
ഞെളിയൻ പറമ്പിലെ ബയോ മൈനിംഗ് ആൻഡ് കാപ്പിംഗ് പ്രവൃത്തി ഏറ്റെടുത്ത സോണ്ട കമ്പനിക്ക് സമയബന്ധിതമായി
പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ പിഴ ചുമത്തിയത് 38.55 ലക്ഷം രൂപയാണെന്ന് സെക്രട്ടറി കെ.യു.ബിനി  പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. . കരാർ തുകയുടെ അഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് നിബന്ധന. കരാർ നീട്ടുന്നതിന് കോവിഡ് ആണ് മുഖ്യ കാരണമായി പറയുന്നത്. 2019 ഡിസംബർ മുതൽ 2020 ഡിസംബർ വരെയായിരുന്നു കാലാവധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close