KERALAlocaltop news

കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനാളില്ല : വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : മത്സ്യത്തൊഴിലാളികൾ കടലിന്റെ ആഴങ്ങളിൽ അകപ്പെടുമ്പോൾ അവരെ രക്ഷിക്കാൻ ചുമതലപ്പെട്ടവർ ഒഴിഞ്ഞുമാറുകയാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

തീരദേശ പോലീസ് അഡീഷണൽ ഡി ജി പിയും തുറമുഖ വകുപ്പു ഡയറക്ടറും 3 ആഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

കോഴിക്കോടിന്റെ തീരങ്ങളിൽ നിന്നും ദിവസേന കടലിലേക്ക് പോകുന്ന പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പരിതാപകരമായ അവസ്ഥ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെട്ടത്.

നന്തിവളയിൽ കടപ്പുറത്ത് നിന്ന് കടലിൽ പോയി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ തീരദേശ പോലീസും കോസ്റ്റ് ഗാർഡും ശ്രമിക്കാത്ത പശ്ചാത്തലത്തിലാണ് കമ്മീഷൻ ഇടപെട്ടത്. അബ്ദുറസാഖും തട്ടാൻ കണ്ടി അഷ്റഫും കടലിൽ പോയെങ്കിലും അപ്രതീക്ഷിതമിന്നലേറ്റ് രണ്ടുപേരും വള്ളത്തിൽ നിന്നും തെറിച്ചു വീണു. വള്ളം ഒഴുകി പോയി. അപകടത്തിൽ അബ്ദുറസാഖ് മരിച്ചു. അഷ്റഫ് നീന്തി രക്ഷപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിനെത്തിയില്ലെന്നാണ് പരാതി. വടകര തീരദേശ സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ബോട്ട് കേടാണെന്നായിരുന്നു മറുപടി. ബേപ്പൂർ തീരദേശ സ്റ്റേഷനിൽ വിളിച്ചപ്പോൾ സംഭവം നടന്നത് തങ്ങളുടെ പരിധിയിലല്ലെന്ന് പറഞ്ഞു. മറൈൻ എൻഫോഴ്സ്മെന്റ് എത്തിയെങ്കിലും അവരുടെ കയ്യിൽ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുണ്ടായിരുന്നില്ല. തുടടർന്ന് നാട്ടുകാർ കൊയിലാണ്ടി ദേശീയപാത ഉപരോധിച്ചു. തഹസീൽദാർ ചർച്ച നടത്തി തിരച്ചിൽ നടത്താമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. എന്നിട്ടും മത്സ്യത്തൊഴിലാളികൾ തന്നെയാണ് തിരച്ചിൽ നടത്തി അബ്ദുറസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close