കോഴിക്കോട് : നഗരത്തിലെ പാതയോരങ്ങളിലുള്ള മരത്തണലുകൾ തെരുവു കച്ചവടക്കാരും മറ്റും സ്ഥിരമായി കൈയ്യേറി കൈവശപ്പെടുത്തുകയാണെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും നഗരസഭാ സെക്രട്ടറിക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
വഴിയാത്രക്കാർക്ക് ഉപകാരപ്പെടേണ്ട മരത്തണലുകളാണ് ഇരുചക്ര വാഹന ഉടമകളും തെരുവു കച്ചവടക്കാരും ചേർന്ന് കൈയ്യേറുന്നത്. പൊതുജനങ്ങൾക്ക് അത്യുഷ്ണ കാലത്ത് പ്രയോജനപ്പെടേണ്ട തണലുകൾ ഇത്തരത്തിൽ കൈയേറിയിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. പൊതു പ്രവർത്തകനായ ജോയി പ്രസാദ് പുളിക്കൽ സമർപ്പിച്ച പരാതിയിലാണ് നടപടി.