KERALAtop news

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം; ഉത്തരവാദി ബിനോയ് തന്നെയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ കുടുംബം. മരണത്തിന്റെ ഉത്തരവാദി ബിനോയ് തന്നെയെന്ന് അച്ഛന്‍ സതീഷ് പറഞ്ഞു. രണ്ടുമാസമായി മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അച്ഛന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

മകളുടെ മരണത്തില്‍ അന്വേഷണം വേണം. ബിനോയിയുടെ വരവോടെ കുടുംബം നശിച്ചു. നേരത്തെ ബിനോയ് പതിവായി വീട്ടില്‍ വരുമായിരുന്നു. രണ്ടുമാസമായി വരുന്നുണ്ടായിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. സൈബര്‍ ആക്രമണം അല്ല മകളുടെ മരണത്തിന് കാരണമെന്നും സതീഷ് ആവര്‍ത്തിച്ചു. മകള്‍ മനക്കട്ടിയുള്ള പെണ്‍കുട്ടിയായിരുന്നു. സൈബര്‍ ആക്രമണത്തില്‍ തളരില്ല. മകള്‍ മരിച്ചത് അറിഞ്ഞിട്ടും ബിനോയിയുടെ വീട്ടില്‍ നിന്നും ആരും വന്നില്ല. സത്യം പുറത്തുവരണമെന്നും അച്ഛന്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് സ്വദേശിയായ ബിനോയി (21)യെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നാണ് യുവാവ് മൊഴി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സൈബര്‍ ടീം രൂപീകരിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പുനഃപരിശോധിക്കുകയാണ്. കുട്ടിക്ക് 18 വയസ് തികയും മുമ്പേ ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കടുത്ത സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാര്‍ജിച്ച പെണ്‍കുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു നേരിട്ടിരുന്നത്. വ്യക്തിപരമായ ആക്രമണങ്ങളായിരുന്നു മിക്കവയും.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close