കോഴിക്കോട്: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സുബേദാർ എം.ശ്രീജിത്തിന്റെ മൃതദേഹം സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
രാവിലെ ഏഴ് മണിക്ക് പൂക്കാട് വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ. മകൻ അതുൽ ചിതയ്ക്ക് തീ കൊളുത്തി.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെടെയെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി എ.കെ ശശീന്ദ്രൻ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ സുന്ദർ ബനി സെക്ടറിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. വെടിവയ്പ്പിൽ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്.
കാനത്തിൽ ജമീല എംഎൽഎ, കെ മുരളീധരൻ എംപി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, തഹസിൽദാർ സി പി മണി, കൊയിലാണ്ടി സിഐ എൻ സുനിൽകുമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ അന്തിമോപചാരം അർപ്പിക്കാനെത്തി.