KERALA
ഡ്രൈവിങ്ങ് സ്കൂളുകൾ കേന്ദ്രീകരിച്ച് ക്രമക്കേട്; മലബാർ മേഖലയിൽ വിജിലൻസ് റെയ്ഡ്.
കോഴിക്കോട്: ഡ്രൈവിങ് സ്കൂളുകളും ടെസ്റ്റിങ് ഗ്രൗണ്ടുകളും കേന്ദ്രീകരിച്ച് വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് പണം നൽകാനായി തയ്യാറാക്കിയതെന്ന് സംശയിക്കുന്ന പട്ടിക മലപ്പുറത്തെ സ്കൂൾ നടത്തിപ്പുകാരനിൽ നിന്ന് പിടിച്ചു.
കോഴിക്കോട് വിജിലൻസ് റെയ്ഞ്ചിന് കീഴിൽ കാസർകോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 14 സ്ഥലത്തായിരുന്നു റെയ്ഡ്. ജില്ലയിൽ അഞ്ച് സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിലും ക്രമക്കേട് കണ്ടെത്തി. ഡ്രൈവിങ് സ്കൂൾ നടത്തിപ്പിലാണ് പ്രധാനമായും തിരിമറികൾ നടക്കുന്നത്. മോട്ടോർ വാഹന വകുപ്പ് നിശ്ചിത സമയങ്ങളിൽ നടത്തേണ്ട പരിശോധന നടക്കുന്നില്ലെന്നും വ്യക്തമായി. സ്കൂൾ നടത്തിപ്പുകാർക്ക് ലൈസൻസ് പുതുക്കി നൽകേണ്ടത് മോട്ടോർ വാഹന വകുപ്പാണ്.
പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ സ്ഥാപന ഉടമയുടെ പേരിലായിരിക്കണമെന്നാണ് ചട്ടം. ഇക്കാര്യം പലരും പാലിക്കുന്നില്ല. പരിശീലകർ ലൈസൻസ് ടെസ്റ്റ് പാസായിരിക്കണം, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമോ ഡിപ്ലോമയോ കരസ്ഥമാക്കിയിരിക്കണം, അഞ്ച് വർഷം പ്രവൃത്തി പരിചയമുണ്ടാകണം തുടങ്ങിയ ചട്ടങ്ങൾ പരിശോധ നടന്ന ഒരു സ്ഥാപനത്തിലും പാലിക്കപ്പെട്ടിട്ടില്ല.
ഡ്രൈവിങ് സ്കൂളുകളിൽ പ്രത്യേകം ഓഫീസുണ്ടാകണം. ക്ലാസ് മുറിയിൽ ഗതാഗത നിയമങ്ങളും സിഗ്നലുകളും പ്രദർശിപ്പിക്കണം തുടങ്ങിയവ പാലിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ട്. ഇക്കാര്യങ്ങളിൽ ഉചിതമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട് റെയ്ഞ്ച് എസ്പി ടി സജീവന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ഷാജി വർഗീസ്, സിഐമാരായ എ.ഉല്ലാസ്, മനോജ്, ജയൻ, രതീന്ദ്രകുമാർ, ശിവപ്രസാദ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.