തിരുവമ്പാടി : കാട്ടുപന്നിയുടെ അക്രമണത്തിൽ വൃദ്ധകർഷകന് സാരമായ പരിക്ക്. തിരുവമ്പാടി പഞ്ചായത്തിലെ പുന്നയ്ക്കലിന് സമീപം വഴിക്കടവിലെ ചീങ്കല്ലേൽ ബെന്നിയ്ക്കാണ് (65) ഈസ്റ്റർ ദിനത്തിൽ ഒറ്റയാൻ പന്നിയുടെ അക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റത്. ഇന്ന് രാവിലെ 10. 30നോടെ പറമ്പിൽ പശുവിനെ തീറ്റാൻ പോയ ബെന്നിയെ കാട്ടുപന്നി അക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂട്ടിയ പരിസരവാസികൾ ഇദ്ദേഹത്തെ തിരുവമ്പാടി ലിസ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതായതിനാൽ ഉടനെ മുക്കം കെ എം സി ടി മെഡിക്കൽ കോളജിലേക്ക് മാറ്റും. നിർധന കുടുംബത്തിൽപ്പെട്ട ബെന്നിയുടെ മൂന്ന് മക്കളും ഭിന്നശേഷിക്കാരാണ്. വനം വകുപ്പ് ഉടൻ ഇടപെട്ട് ബെന്നിയ്ക്ക് സൗജന്യ ചികിത്സയും, നഷ്ടപരിഹാരവും നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറോട് റിപ്പോർട്ട് തേടി .