തിരുവനന്തപുരം :
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചു. ഫയര്‍ഫോഴ്സ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് പുതിയ പോലീസ് മേധാവി. നിലവിലുള്ള ചീഫ് സെക്രട്ടി ഡോ. വി.പി. ജോയിയും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും ജൂണ്‍ 30 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം. പുതിയ ചീഫ് സെക്രട്ടറിയാവുന്ന ഡോ. വി. വേണു 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. നിലവിൽ ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതല വഹിച്ചുവരികയാണ് അദ്ദേഹം. പ്രളയാനന്തരം കേരള പുനർനിർമാണത്തിന്റെ ചുമതല ഡോ. വി. വേണുവിനെയാണ് സർക്കാർ ഏൽപ്പിച്ചത്. പാലാ സബ് കളക്ടറായാണ് തുടക്കം. കേരള ട്രാവൽ മാർട്ട്, ഉത്തരവാദിത്വ ടൂറിസം എന്നിവ വേണു മുൻകൈയെടുത്ത് നടപ്പാക്കിയവയാണ്. കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, വിവിധ വകുപ്പുകളിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ് 1990 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. രണ്ടുതവണ ക്രൈംബ്രാഞ്ച് മേധാവിയായ ഇദ്ദേഹത്തെ ആഴ്ചകൾക്ക് മുൻപാണ് അഗ്നിരക്ഷാ സേനാ ഡയറക്ടർ ജനറലായി നിയമിച്ചത്. പോലീസ് ഉദ്യോഗസ്ഥരിലെ സൗമ്യ മുഖമാണ് ഇദ്ദേഹം.