തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി വരുന്നു. പതിനെട്ട് പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ പോസിറ്റീവാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിന്‍ഫ്ര പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
വലിയതുറ, അഞ്ച് തെങ്ങ്, ചിറയന്‍ കീഴ്, കൊളത്തൂര്‍, നെയ്യാറ്റിന്‍കര, പനവൂര്‍, കടക്കാവൂര്‍, കുന്നത്തുകാല്‍, പെരുമാതുറ, പുതുക്കുറുച്ചി തുടങ്ങിയ തീരദേശ മേഖലകളിലാണ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാര്‍ഗരേഖയ്ക്ക് അനുസൃതമായാണ് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയത്ത് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് കോട്ടയത്ത് നൂറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 113 ഉം സമ്പര്‍ക്കത്തിലൂടെയാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.