
കോഴിക്കോട് : മുഖ്യമന്ത്രിയുടെ പേരിൽ തുടർച്ചയായ 15 മണിക്കൂർ വൈദ്യുതി ലൈൻ ഓഫ് ചെയ്തതടക്കം മാനാഞിറ – മലാപ്പറമ്പ് റോഡ് വികസനത്തിൻ്റെ മറവിൽ ഉദ്യോഗസ്ഥർ തുടരുന്ന ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലാപ്പറമ്പ് വാർഡ് കൗൺസിലർ കെ.സി. ശോഭിത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇന്ന് കോഴിക്കോട് മലാപ്പറമ്പിലെ സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴാണ് യുഡി എഫ് കൗൺസിലറായ ശോഭിത ജനങ്ങൾക്കായി പരാതി സമർപ്പിച്ചത്. പരാതിയുടെ വിശദാംശങ്ങൾ – മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് വികസനം മന്ദഗതിയിലാണ് നടക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണം. ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനെന്ന പേരിൽ 21 ദിവസം പ്രദേശത്ത് കുടിവെള്ള വിതരണം തടസപ്പെട്ടു. രണ്ട് ദിവസം മുൻപ് 15 മണിക്കൂർ തുടർച്ചയായി വൈദ്യുതി ലൈൻ ഓഫാക്കി ജനങ്ങളെ പരമാവധി കഷ്ടപ്പെടുത്തി. മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെയുള്ള ഇടറോഡുകളുടെ പ്രവേശന ഭാഗം നേരെയാക്കാത്തത് ഏറെ പ്രശനം സൃഷ്ടിക്കുന്നു. മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്നു വരെയാണ് വികസനം പ്രഖ്യാപിച്ചത്. എന്നാൽ പിന്നീടത് മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയാക്കി ചുരുക്കി. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗവും ഉടൻ വീതി കൂട്ടി ഗതാഗത യോഗ്യമാക്കണം. സാങ്കേതിക പരിജ്ഞാനമില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതാണ് സിവിൽ സ്റ്റേഷൻ മേഖലയിൽ തുടർച്ചയായ 15 മണിക്കൂർ വൈദ്യുതി മുടങ്ങാൻ കാരണം. ഇനി ഇത്തരം വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകണം – പരാതിയിൽ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ അനുഭാവപൂർണം പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി കൗൺസിലർക്ക് ഉറപ്പു നൽകി.




