BusinesscrimeGulfINDIAKERALAtop news

ഹെൻ്റെ പൊന്നോ ! മാലിന്യകൂമ്പാരത്തിൽ എറിയപ്പെട്ട 12.50 ലക്ഷത്തിൻ്റെ സ്വർണം തിരികെ കിട്ടിയ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്

ദുബൈ:

വീട്ടിൽ നിന്ന് നഷ്ടമായ 12.5 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം അതിസാഹസികമായ വഴികളിലൂടെ ഉടമയുടെ കൈകളിലേക്ക് തിരികെ എത്തിയ സംഭവമാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്. ചവറുകൂന മുതൽ ഗോൾഡ് സൂഖ്, പിന്നീട് പൊലീസ് സ്റ്റേഷൻ വഴി സ്വർണം തിരിച്ചുകിട്ടിയ ഈ സംഭവം സിനിമയെ വെല്ലുന്ന നിമിഷങ്ങളായിരുന്നു ഒരുക്കിയത്. പ്രവാസി കുടുംബാംഗമായ കാമിനി കണ്ണൻ, 8 ഗ്രാം വീതമുള്ള നാല് സ്വർണ നാണയങ്ങളും 24 കാരറ്റിന്റെ 50 ഗ്രാം സ്വർണ ബാറും ഒരു ചെറിയ സഞ്ചിയിൽ സൂക്ഷിച്ച് ഫ്ലാറ്റിലെ മേശപ്പുറത്ത് വെച്ചിരുന്നു. എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ ഈ സഞ്ചി കാണാതായി. ഇതേസമയം, കടലാസുകളും മറ്റു മാലിന്യങ്ങളും ബിൽഡിങ്ങിലെ ഗാർബേജ് മുറിയിലേക്ക് മാറ്റുന്നതിനിടെ, കാമിനിയുടെ മകൻ അഭിമന്യു അറിയാതെ സ്വർണ സഞ്ചിയും മാലിന്യങ്ങളോടൊപ്പം നീക്കം ചെയ്തു.

വിപണിയിൽ 50,000 ദിർഹത്തിലധികം (ഏകദേശം 12.5 ലക്ഷം ഇന്ത്യൻ രൂപ) മൂല്യമുള്ള സ്വർണം ചവറുകൂനയിൽ അകപ്പെട്ടതോടെ കുടുംബം വലിയ ആശങ്കയിലായി. ബിൽഡിങ്ങിലെ സെക്യൂരിറ്റിയെ വിവരം അറിയിച്ചപ്പോഴേക്കും മാലിന്യങ്ങൾ ശേഖരിക്കാൻ എത്തിയ ട്രക്ക് അവ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വലിയ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആ ചെറിയ സഞ്ചി കണ്ടെത്തുക അസാധ്യമായ കാര്യമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. ഇതിനിടെയാണ് അപ്രതീക്ഷിതമായ വഴിത്തിരിവ് ഉണ്ടായത്. മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെ ഒരു തൊഴിലാളിക്ക് സ്വർണ സഞ്ചി ലഭിച്ചു. ഇത് വിൽക്കാനായി ഇയാൾ നേരിട്ട് ദുബായ് ഗോൾഡ് സൂഖിലെ ഒരു ജ്വല്ലറിയിലെത്തി. എന്നാൽ ഇത്രയും വിലപിടിപ്പുള്ള സ്വർണം ഒരു സാധാരണ തൊഴിലാളിയുടെ കൈവശം കണ്ടതിൽ സംശയം തോന്നിയ ജ്വല്ലറിക്കാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണം മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചതാണെന്ന വിവരം പുറത്തുവന്നത്. തുടർന്ന് ഈ മാലിന്യം ശേഖരിച്ച കെട്ടിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മാലിന്യം ശേഖരിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നതിനാൽ പൊലീസ് അധികസമയം ചെലവഴിക്കാതെ തന്നെ കെട്ടിടം തിരിച്ചറിഞ്ഞു.
അവിടെ താമസിക്കുന്നവരിൽ ആരെങ്കിലും സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലൂടെയാണ് കാമിനി കണ്ണന്റെ കുടുംബത്തിലേക്ക് പൊലീസ് എത്തിയത്. ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, നഷ്ടമായ സ്വർണം മുഴുവൻ ഉടമസ്ഥയ്ക്ക് തിരികെ കൈമാറി.
ചവറുകൂനയിലൂടെ കൈവിട്ടു പോയ സ്വർണം, അദ്ഭുതത്തെ പോലും തോൽപ്പിക്കുന്ന വിധത്തിൽ ഉടമയുടെ കൈകളിലേക്ക് തിരികെ എത്തിയ ഈ സംഭവം ദുബൈക്ക് പുറത്തും വലിയ ശ്രദ്ധ നേടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close