INDIAKERALAlocaltop newsVIRAL

സഭയോ , സമുദായമോ : സീറോ മലബാർ സഭ ഗുരുതര അസ്തിത്വപ്രതിസന്ധിയിൽ – ഫാ. അജി പുതിയാപറമ്പിൽ

കൊച്ചി: ധനാർത്തിയും അധികാര രാഷ്ട്രീയ താത്പര്യവും മൂലം അപചയത്തിലേക്ക് നീങ്ങുന്ന സീറോ മലബാർ സഭ ഗുരുതര അസ്തിത്വപ്രതിസന്ധിയിലെന്ന് സീറോ മലബാർ സഭാ വൈദികൻ ഫാ. അജി പുതിയാപറമ്പിൽ. അദ്ദേഹത്തിൻ്റെ ഫേസ്ബുക് പോസ്റ്റിൽ നിന്ന് –

സഭയാകണോ അതോ സമുദായമാകണോ?*

കേരളത്തിലെ സീറോ മലബാർ സഭ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ ആന്തരിക പ്രശ്നം
സ്വത്വപ്രതിസന്ധിയാണ് (Identity Crisis).

(താൻ ആരാണ് ? തൻ്റെ ലക്ഷ്യവും ദൗത്യവും എന്താണ്? എന്നിവയെക്കുറിച്ച് ഒരാൾക്കുണ്ടാകുന്ന ആശയക്കുഴപ്പത്തിനാണ് സ്വത്വപ്രതിസന്ധി എന്നു പറയുന്നത്.)

തങ്ങളൊരു സഭയാണോ അതോ സമുദായമാണോ എന്നതാണ് സീറോ മലബാർ സഭയെ അലട്ടുന്ന സ്വത്വപ്രതിസന്ധി.

ഒരേ സമയം സഭയായും സമുദായമായും നിലനിൽക്കാനാവില്ല. ഒന്നുകിൽ സഭയാകുക ; അല്ലെങ്കിൽ സമുദായമാകുക. കാരണം അടിസ്ഥാനപരമായി രണ്ടും വ്യത്യസ്ത സംവിധാനങ്ങളാണ്. ദൗത്യങ്ങളും ലക്ഷ്യങ്ങളും വളരെ വിഭിന്നങ്ങളുമാണ്.

*സഭ: ദൗത്യം, ലക്ഷ്യം.*

യേശുവിൻ്റെ സുവിശേഷം അറിയുകയും അറിയിക്കുകയും ജീവിക്കുകയുമാണ് സഭയുടെ ദൗത്യം. ദൈവഹിതം നിറവേറ്റപ്പെടുന്ന ഒരിടമായി, ദൈവരാജ്യമായി ഈ ഭൂമിയെ രൂപാന്തരപ്പെടുത്തുക എന്നതാണ് പരമമായ ലക്ഷ്യം. (ദൈവരാജ്യമെന്നാൽ ഭൂമിയിലെ രാജ്യമല്ല.)

*സമുദായം: ലക്ഷ്യം, ദൗത്യം.*

സമുദായത്തിൻ്റെ ലക്ഷ്യമാകട്ടെ തികച്ചും ഭൗതികമാണ്. ഒരു സംഘടിത ശക്തിയാവുകയും അധികാര രാഷ്ട്രീയത്തിൽ പങ്കാളിയാവുകയും ചെയ്യുകയാണ് സമുദായത്തിൻ്റെ ലക്ഷ്യം. ഒരു സമ്മർദ്ദ ശക്തിയായി നിലനിൽക്കാൻ ആവശ്യമായ
വിലപേശലുകളും നീക്കുപോക്കുകളും ഒത്തുതീർപ്പുകളും നിരന്തരം നടത്തുകയാണ് അതിൻ്റെ ദൗത്യം.

*വളർത്തലും ശക്തിപ്പെടുത്തലും*

സഭയെ വളർത്താനും ശാക്തീകരിക്കുവാനും വളരെ എളുപ്പമാണ്. അതിന് ഒരു വഴിയേ മാത്രം പോയാൽ മതി. യേശുവിന്റെ സുവിശേഷത്തിന്റെ വഴിയെ. എന്നാൽ, സമുദായത്തെ ശാക്തീകരിക്കണമെങ്കിൽ ഒന്നല്ല, ഒരുപാട് വഴിയെ പോകേണ്ടി വരും. യേശുവിന് അഹിതമായ വഴികളും സ്വീകരിക്കേണ്ടി വരും. സുവിശേഷത്തിന് വിരുദ്ധമായ ആശയങ്ങളുമായി സന്ധി ചെയ്യേണ്ടിവരും. തീർന്നില്ല, ക്രിസ്തുവിൻ്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ച
ചെയ്യേണ്ടിയും വരും.
ചുരുക്കത്തിൽ സഭയുടെ (യേശുവിൻ്റെ) സ്ഥാനത്ത് സമുദായത്തെ ( സമ്പത്തിനെ) പ്രതിഷ്ഠിക്കേണ്ടിയും വരും.

*തിരിച്ചറിവ് അനിവാര്യം*

കേരളത്തിലെ സീറോ മലബാർ സഭ ഇപ്പോൾ അഭിമുഖീകരിക്കുന്നത് സ്വത്വപ്രതിസന്ധിയേക്കാൾ (Identity Crisis) അതീവ ഗുരുതരമായ അസ്തിത്വപ്രതിസന്ധിയാണ് (Existential Crisis). ഒന്നുകിൽ സഭ അല്ലെങ്കിൽ സമുദായം എന്ന അപകടകരമായ തിരഞ്ഞെടുപ്പിലേക്കാണ് അത് നീങ്ങുന്നത്.

*പരിഹാരം എന്ത്?*

യേശുവും സമാനമായ
സ്വത്വപ്രതിസന്ധിയെ അഭിമുഖീകരിച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്. (ലൂക്ക 4: 6-8, യോഹന്നാൻ 6:15)
ദൈവപുത്രസ്ഥാനം വെടിഞ്ഞ്, യഹൂദ സമുദായത്തിൻ്റെ രാജാവാകാനുള്ള പ്രലോഭനം പിശാചിൽ നിന്നു മാത്രമല്ല, സ്വന്തക്കാരിൽ നിന്നും ഉണ്ടായി. എങ്കിലും യേശുവിന് മാർഗ്ഗഭ്രംശം ഉണ്ടാകുന്നില്ല. താൻ ആരെന്നും തന്റെ ദൗത്യമെന്തെന്നും അവിടുത്തേയ്ക്ക് കൃത്യമായി അറിയാമായിരുന്നു.

യേശുവിനെപ്പോലെ
സീറോ മലബാർ സഭയും അതിവേഗം അതിജീവിക്കേണ്ടത് സമുദായമാകാനുള്ള (അധികാരത്തിനായുള്ള) ദുഷിച്ച പ്രലോഭനമാണ് !! വീണ്ടെടുക്കേണ്ടത് സഭയെന്ന (ക്രിസ്തുവിൻ്റെ ശരീരം) സ്വത്വബോധമാണ്.

ഫാ. അജി പുതിയാപറമ്പിൽ
(09-02-2026)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close