
കോഴിക്കോട് : മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം അടിയന്തിരമായി പൂർത്തീയാക്കണമെന്ന് കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യുഡിഎഫ് കൗൺസിലർ കെ.സി. ശോഭിത അവതരിപ്പിച്ച പ്രമേയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമുണ്ടായിട്ടും ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.
ഒൿടോബർ 8ന് മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള 3.3 കിലോമീറ്റർ രണ്ടാംഘട്ടം വികസിപ്പിക്കുന്നത് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ NOC ലഭ്യമായിട്ടും പ്രവൃത്തിയുടെ ടെൻഡർ നടപെടി വൈകുന്നത് പ്രതിഷേധാർഹമാണ്. ജനുവരി 2026ന് പ്രവൃത്തി പൂർത്തീകരിച്ച് പുതുവത്സര സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പ്രസ്‌താവിച്ചിരുന്നെങ്കിലും പകുതി പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. സർക്കാറും ബന്ധപ്പെട്ട വകുപ്പും അക്ഷന്തമായ അനാസ്ഥയാണ് കാണിച്ചത് – പ്രമേയം ചൂണ്ടിക്കാട്ടി.
കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ഈ പ്രമേയത്തിലൂടെ
പൊതുമരാമത്ത് വകുപ്പിനോടും സംസ്ഥാന സർക്കാറിനോടും ആവശ്യപ്പെടുന്നതായി പ്രമേയം വ്യക്തമാക്കി.
ഫയലുകൾ തീർപ്പാക്കാതെ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു. ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ചില ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുകയാണെന്നും ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും കൗൺസിലർമാർ വ്യക്തമാക്കി. അജൈവമാലിന്യം ശേഖരിക്കുന്നതിന് വാങ്ങിയ സി.എൻ.ജി വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയെ തുടർന്ന് കെ.സി ശോഭിതയാണ് ഇക്കാര്യമുന്നയിച്ചത്. സി.എൻ.ജി വാഹനങ്ങൾ തകരാറിലായതിനാൽ നാലുമാസമായി പാറോപ്പടി, മലാപറമ്പ്, ചേവരമ്പലം എന്നീ വാഡുകളിലെ മാലിന്യം ശേഖരണം നിലച്ചിരിക്കുകയാണ്. 6000 രൂപയുടെ അറ്റകുറ്റപണിയാണ് വാഹനത്തിനുള്ളത്. നവംബർ 15 നാണ് വാഹനം കേടായത്. ആദ്യം ആരോഗ്യവിഭാഗത്തിലായിരുന്നു ഫയലുള്ളത്. പിന്നീട് ഇത് എൻജിനീയറിങ് വിഭാഗത്തിലേക്ക് മാറ്റി. ഒന്നരമാസം അവിടുത്തെ ഉദ്യോഗസ്ഥൻ ഫയലിൽ നടപടി സ്വീകരിച്ചില്ലെന്ന് ശോഭിത ആരോപിച്ചു. ഇതോടെ മാലിന്യം പ്രദേശത്ത് കുന്നുകൂടി കിടക്കുന്ന അവസ്ഥയാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ശോഭിത പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ശാസിക്കണമെന്നും സൂപ്രണ്ടിങ് എൻജിനീയർ കെ.എൻ ബിജോയിയും വ്യക്തമാക്കി.
നടപടി സ്വീകരിക്കാത്തത് ഗൗരവമായ വിഷയമാണെന്നും മേയർ ഒ.സദാശിവൻ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരേ തുടർനടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. കൂടാതെ അലോപ്പതി ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലികമായി നിയമിച്ചയാളുടെ കാലാവധി കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിന് അവസാനിച്ചിട്ടും ദിവസവേതനാടിസ്ഥാനത്തിൽ തുടരാൻ അനുവദിച്ചത് സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്ന് ഷമീൽ തങ്ങൾ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായിട്ടുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി എൻ.കെ ഹരീഷ് വ്യക്തമാക്കി. അതേസമയം കോർപറേഷനിൽ ജീവനക്കാർക്ക് വിവിധ ജോലികളാണ് ചെയ്യേണ്ടതായുള്ളത്. 30 ശതമാനം ജീവനക്കാരെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വിന്യസിപ്പിച്ചിരിക്കുകയാണ്. ഇതിന് പകരം ജീവനക്കാരെ അനുവദിച്ചിട്ടില്ല. കഴിഞ്ഞ വർഷം 80 ശതമാനം ജീവനക്കാരെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ജോലിക്കായി നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിൽ നടപടികൾ വൈകുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കാലതാമസം നേരിടുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.




