
കോഴിക്കോട് :
വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ചശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ കോഴിക്കോട് നഗരത്തിലെ കെട്ടിടങ്ങളുടെ ഘടനാപരമായ സുസ്ഥിരതയെക്കുറിച്ച് ഗൗരവമായി കോർപറേഷൻ പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം മേയറുമായി സംസാരിച്ചിട്ടുണ്ട്. പരിശോധന ആരംഭിച്ചു എന്നാണു അദ്ദേഹം പറഞ്ഞിട്ടുള്ളത്. കർശനമായ നിലപാടാണ് മേയറും ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ അനുവദിക്കില്ല. എല്ലാവരും ചേർന്ന് ചെയ്യേണ്ട കാര്യമാണിത്. കുറ്റക്കാർ ആരാണോ അവർക്കെതിരെ അന്വേഷണം നടത്തി ശക്തമായ നിലപാട് സ്വീകരിക്കണം. എന്നാൽ മേലിൽ ഇത് ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ എല്ലാവരും ഒത്തുചേർന്ന് നിയമം നടപ്പിലാക്കണം. നിയമം നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യുന്ന ഏത് ഉദ്യോഗസ്ഥൻ ആയാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണം. തദ്ദേശ മന്ത്രി എം ബി രാജേഷുമായി ഇക്കാര്യം സംസാരിച്ചു. കർക്കശമായ നിലപാട് ഇക്കാര്യതിൽ സ്വീകരിക്കണം എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ നിലവിലത്തെ അവസ്ഥയുമായി ബന്ധപ്പെട്ട് നേരത്തെ റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അതിൽ നിലപാട് സ്വീകരിച്ചില്ല എന്നത് പരിശോധനയ്ക്ക് വിധേയമാക്കണം. കെട്ടിടങ്ങളുടെ സുസ്ഥിരത പരിശോധിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നതാണ് സർക്കാരിന്റെ സമീപനം.
ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. പ്രതിഷേധം തെറ്റാണെന്ന് ഒരിക്കലും പറയില്ല. എന്നാൽ ചില കാര്യങ്ങളിൽ നമ്മൾ ഒരുമിച്ച് നിൽക്കണം. കെട്ടിടം ഒഴിയേണ്ട ഘട്ടം വരുമ്പോൾ ചിലർ മാത്രം മാറിനിൽക്കുകയും അവർക്കൊപ്പം ചേർന്ന് ചിലർ ഇവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നു എന്ന നിലപാട് എടുക്കുകയും ചെയ്യുന്നുണ്ട്. അത് പാടില്ല. ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കാനും മനുഷ്യന്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടാതിരിക്കാനും എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.




