
കോഴിക്കോട് :
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടരുന്നു.
രണ്ടു ദിവസത്തെ പരിശോധനയിൽ 12 കെട്ടിടങ്ങളുടെ പരിശോധന പൂർത്തിയായി . പരിശോധനയ്ക്കായി വിവിധ സെക്ടറുകളായി തിരിഞ്ഞ് എൻജിനീയർമാരുടെ സംഘത്തെയാണ് ചുമലപ്പെടുത്തിയിട്ടുള്ളത് . കോർപ്പറേഷൻ സൂപ്പർ എൻജിനീയർക്കാണ് പരിശോധന ടീമിൻറെ മുഖ്യ ചുമതല ‘. അടിയന്തര നടപടി ആവശ്യമുള്ളവ, അറ്റകുറ്റപ്പണി നടത്തി നില നിർത്താവുന്നവ ,സ്റ്റെബിലിറ്റിയോട് കൂടിയവ എന്നിങ്ങനെ വേർതിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. പരിശോധന നാളെ പൂർത്തിയാകും .വലിയങ്ങാടി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷന്റെ മുഴുവൻ കെട്ടിടങ്ങളിലും തുടർന്ന് സുരക്ഷാ പരിശോധന നടത്തുന്നതാണെന്ന് കോർപ്പറേഷൻ സെക്രട്ടറി എൻ കെ ഹരീഷ് അറിയിച്ചു. കാരപ്പറമ്പ് മത്സ്യ മാർക്കറ്റ് കെട്ടിടം പുതിയങ്ങാടി മാർക്കറ്റ് കെട്ടിടം എന്നിവ ഇതുവരെ നടന്ന പരിശോധനയിൽ അടിയന്തര നടപടി ആവശ്യമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം കെട്ടിടങ്ങളിൽ നിന്ന് നിലവിലുള്ള സംവിധാനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കും.
എഞ്ചിനീയറിങ് വിഭാഗം തയ്യാറാക്കുന്ന റിപ്പോർട്ട് കൗൺസിൽ മുമ്പാകെ സമർപ്പിക്കുകയും കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
സുരക്ഷാ പരിശോധനയുടെ പുരോഗതി കോർപ്പറേഷൻ സെക്രട്ടറി എൻ കെ ഹരീഷ്, സൂപ്രണ്ടിംഗ് എൻജിനീയർ ബിജോയ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖ പി ആനന്ദ് എന്നിവർ അടങ്ങിയ സംഘം വിലയിരുത്തി.




