
കോഴിക്കോട് : നഗരത്തിലെ എല്ലാ നടപ്പാതകളും പൂർണ്ണമായും കൈയ്യേറ്റമുക്തമാക്കി കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിക്ക് മനുഷ്യാവകാശ
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് കർശന നിർദേശം നൽകി.
കോർപ്പറേഷൻ അധികൃതർ ആവശ്യപ്പെടുമ്പോൾ
പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് കമ്മീഷൻ നിർദേശം നൽകി. കൈയ്യേറ്റങ്ങൾ യഥാസമയം ഒഴിപ്പിക്കുന്നതിനായി സ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്തി കൈയ്യേറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
കോർട്ട് റോഡിൽ നടപ്പാതകൾ കൈയേറി കച്ചവടം നടത്തി കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നടപ്പാതകൾ വാഹനങ്ങൾക്കും വഴിവാണിഭക്കാർക്കും വഴിമാറിക്കൊടുക്കുന്ന അധിനിവേശ പ്രവണതയിൽ കമ്മീഷൻ കടുത്ത ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി. ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിൽ കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ പുലർത്തുന്ന ഗുരുതരമായ അനാസ്ഥയും നിസംഗതയും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി കമ്മീഷൻ വിലയിരുത്തി. കമ്മീഷൻ മുമ്പ് നൽകിയ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ താൽക്കാലിക നടപടികൾ സ്വീകരിച്ചെങ്കിലും അധികം വൈകാതെ തന്നെ പഴയപടി കൈയ്യേറ്റങ്ങൾ തുടരുന്നത് അധികൃതരുടെ നിരീക്ഷണത്തിലെ വീഴ്ചയെയും കൈയ്യേറ്റക്കാർരെതിരായ ശിക്ഷാനടപടികളിലെ ലാഘവത്തെയും സൂചിപ്പിക്കുന്നതായി കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
നടപ്പാതകളിലൂടെ തടസ്സമില്ലാതെയും സുരക്ഷിതമായും നടക്കുക എന്നത് ഒരു സൗകര്യമല്ല മറിച്ച് ഓരോ പൗരന്റെയും മൗലികാവകാശമാണ്. വാഹനങ്ങൾ പാർക്ക് ചെയ്തോ, കച്ചവട സ്ഥാപനങ്ങൾ വിപുലീകരിച്ചോ നടപ്പാതകൾ കൈയ്യേറുന്നത് പൗരന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള
നഗ്നമായ കടന്നുകയറ്റമാണ്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ തടയാനുള്ള മനുഷ്യാവകാശ കമ്മീഷന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള നിയമപരമായ ബാധ്യത സിവിക് ഉദ്യോഗസ്ഥർക്കുണ്ട്. അത് അവഗണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കമ്മീഷൻ നിർബന്ധിതമാകും. ഉദ്യോഗസ്ഥരുടെ നിസംഗത പൊതുജനങ്ങളെ അപകടസാധ്യതയുള്ള റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാക്കുകയും ഒഴിവാക്കാവുന്ന ദുരന്തങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു.നടപ്പാതകൾ കാൽനടയാത്രക്കാർക്കുള്ളതാണ്.അത് പരിവർത്തനം ചെയ്യാൻ ആർക്കും അധികാരമില്ല.
2015 മേയ് 14 ന് സുപ്രീം കോടതി W.P.(C) No. 295/2012 ൽ നൽകിയ വിധിയിൽ, തടസ്സരഹിതവും എല്ലാവർക്കും പ്രാപ്യവുമായ നടപ്പാതകൾ ഉറപ്പാക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാൻ ഉള്ള അടിസ്ഥാനാവകാശത്തിന്റെ അവിഭാജ്യഘടകമാണെന്ന് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഭരണഘടനാ നിർദ്ദേശം നഗരസഭാ അധികൃതരും നിയമസംരക്ഷണ സംവിധാനങ്ങളും കർശനമായി നടപ്പാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ഉത്താവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ കോർപ്പറേഷൻ സെക്രട്ടറിയും സിറ്റി പോലീസ് കമ്മീഷണറും കമ്മീഷനിൽ സമർപ്പിക്കണം.




