
എറണാകുളം : പ്രമുഖ മാധ്യമപ്രവർത്തകൻ ജോഷി ജോർജ് എഴുതിയ – ” അസാധ്യമായതിനെ സാധ്യമാക്കാൻ ” പുസ്തകത്തിൻ്റെ മൂന്നാം പതിപ്പിനെ കുറിച്ച് ഡോ. സെബാസ്റ്റ്യൻ പോൾ എഴുതിയ നിരൂപണം:
പുസ്തക നിരൂപണം – ഡോ. സെബാസ്റ്റിയന്‍ പോള്‍
അസാധ്യമായതിനെ സാധ്യമാക്കാന്‍ (പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ്)
പേജ് 194, പ്രസാധനം ആശയം ബുക്‌സ് കോഴിക്കോട്, കേരളത്തിലെ
വിതരണം- എച്ച് & സി തൃശൂര്‍- വില 300 രൂപ.
” ഈ ലോകം അത്ഭുതങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ തന്നെയാണ് മഹാത്ഭുതം. സോഫോക്‌ളിസ് പറഞ്ഞതില്‍നിന്ന് അല്‍പം കൂടി മുന്നോട്ടുപോയി മനുഷ്യമനസെന്ന സവിശേഷമായ മഹാത്ഭുതത്തെ കണ്ടെ
ത്താനുള്ള ശ്രമമാണ് ജോഷി ജോര്‍ജ് നടത്തുന്നത്.
മന:ശാസ്ത്രജ്ഞന്റെ സമീപനമല്ല ജോഷി ജോര്‍ജിന്റെത്. മന:ശാസ്ത്രജ്ഞന്‍ ആതുരമായ മനസിനെ കണ്ടെത്തുമ്പോള്‍ ജോഷി ആരോഗ്യമുള്ള മനസിന്റെ കണ്ടെത്താതെ പോകുന്ന സര്‍ഗാത്മകതലങ്ങളിലേക്കാണ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. വിജയിക്കാന്‍ മനസുമാത്രം മതി എന്ന ജോഷിയുടെ പുസ്തകത്തിനു അനുബന്ധമായി വായിക്കാവുന്നതാണ് ഞാന്‍ പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ്.
വിജയകഥകളുടെ ആഖ്യാനത്തിലൂടെ വായനക്കാരെ പ്രചോദിപ്പിക്കുകയും കര്‍മനിരതരാക്കുകയും ചെയ്യുന്ന സാഹിത്യം പടിഞ്ഞാറ്, പ്രത്യേകിച്ച് അമേരിക്കയില്‍, വ്യാപകമായുണ്ട്. എവിടെത്തിരിഞ്ഞാലും അവസരങ്ങള്‍ മാത്രമുള്ള ഒരു കാലം അമേരിക്കയിലുണ്ടായിരുന്നു. സാഹസികര്‍ വിജയിക്കുന്ന കാലം. ഫോര്‍ഡും റോക്‌ഫെല്ലറും ആ കാലത്തിന്റെ പ്രതീകങ്ങളാണ്. തിരഞ്ഞാല്‍ അവസരങ്ങള്‍ എവിടെയും കണ്ടെത്താം. നല്ല മനസും പകിട്ടുള്ള സ്വപ്‌നങ്ങളുമാണ് നമുക്ക് വേണ്ടത്. വേരിലും കായ്ക്കുന്ന ചക്ക നിശ്ചയദാര്‍ഢ്യമുള്ള മനസിന്റെ പ്രതീകമാണ്. മനസാണ് പ്രധാനം. യുദ്ധവും സമാധാനവും മനസിന്റെ സൃഷ്ടിയാണ്. മനസ് നന്നായാല്‍ എല്ലാം നന്നായി.
എന്നാല്‍ മനസിന്റെ സ്ഥായിയായ ഭാവം ചാഞ്ചല്യമാണ്. ചഞ്ചലചിത്തത്തെ മെരുക്കിയെടുക്കണം. സ്വന്തം നിഴല്‍ കണ്ട് ഭയന്നു ചാടിയ കുതിരക്കുട്ടിയെ അലക്‌സാണ്ടര്‍ നിയന്ത്രിച്ചത് സൂര്യന് അഭിമുഖമായി നിര്‍ത്തിക്കൊണ്ടായിരുന്നു. ലക്ഷ്യത്തില്‍ ദൃഷ്ടി പതിച്ചാല്‍ ചാപല്യം ഒഴിവാകും. അതിന് മനസിനെ എപ്രകാരം പാകപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന പരീക്ഷ
ണമാണ് ജോഷി നടത്തുന്നത്. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലും മികച്ച പത്രപ്രവര്‍ത്തകനായുമാണ് ഞാന്‍ ജോഷിയെ വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെടുന്നത്. ശുദ്ധമായ നര്‍മത്തിന്റെ ഉറവ നിര്‍മലമായ മനസാണ്. നല്ല സ്വപ്‌നങ്ങള്‍ ഉണ്ടാകുന്നതും നല്ല മനസിലാണ്. മറിച്ചും സംഭവിക്കാം. ചിത്രകാരന്മായിരുന്ന ഹിറ്റ്‌ലറും ബാല്‍ താക്കറേയും മനസിനെ ഗര്‍ഹ്യമാക്കിയപ്പോള്‍ വിധ്വംസകരായി. പ്രസാദാത്മകമായ മനസോടെ സര്‍ഗാത്മകതയുടെ പാതയിലേക്കാണ് ജോഷി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
നാട്ടിലും പുറത്തുമുള്ള വിജയകഥകളിലൂടെയാണ് ജോഷി അവശ്യം വേണ്ടതായ ചില പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. കേശവന്‍ വൈദ്യരുടെ ചന്ദ്രികയും മോഹന്റെ ഗുഡ്‌നൈറ്റും ഉള്‍ക്കൊള്ളേണ്ടതായ പാഠങ്ങളാണ്. ജോസഫ് മുരിക്കന്റെ കായല്‍ കൃഷി ഇന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഓര്‍മയാണ്. ജോഷിയുടെ പുസ്തകം സാഹസികമായ ഒരു വഴി തിരഞ്ഞെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ആദ്യത്തെ ചുവടില്‍ നിന്നാണ് എല്ലാ യാത്രയും ആരംഭിക്കുന്നത്. ചുവടുകളുടെ ദൈര്‍ഘ്യമല്ല നൈരന്തര്യമാണ് സഞ്ചാരിയെ ലക്ഷ്യത്തിലെത്തിക്കുന്നത്. ആ യാത്രയില്‍ പല പല തടസങ്ങളും ഉണ്ടായേക്കാം. അത്തരം തടസങ്ങള്‍ നേരിട്ടില്ലായിരുന്നു എങ്കില്‍ ഇത്രവിജയം അവര്‍ക്കുണ്ടാകുമായിരുന്നോ എന്ന സംശയവും ഉണ്ട്. അവരിള്‍ ഒരാളാണോ നിങ്ങള്‍..? ആ കൂട്ടത്തില്‍ നിങ്ങള്‍ ചേരുമോ എന്നു തിരിച്ചറിയാനുള്ള ഒരവസരമാണ് ഈ പൂസ്തകം വായനക്കാര്‍ക്ക് നല്‍കുന്നത് “.




