
എറണാകുളം : നഴ്സുമാരുടെ സമരത്തിനെതിരെ സീറോ മലബാർ സഭാ നേതൃത്വം സ്വീകരിച്ച നിലപാടിനെ തള്ളി ഒരു വിഭാഗം വൈദികരും കന്യാസ്ത്രീകളുമടക്കം രംഗത്ത്. പ്രസ്താവന താഴെ –
കേരളത്തിന്റെ ആരോഗ്യരംഗത്ത് സ്തുത്യർഹമായി സേവനം ചെയ്യുന്നവരാണ് നേഴ്സുമാർ. എന്നാൽ, അവരുടെ വൈദഗ്ധ്യത്തിനോ അധ്വാനത്തിനോ അനുസരിച്ചുള്ള വേതനം ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ലഭിക്കുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. ന്യായമായ വേതനത്തിനായി അവർ സമരത്തിലായിരുന്നു. അതിന്റെ ഫലമായി കേരളത്തിലെ നാനൂറിലധികം ആശുപത്രികൾ നേഴ്സുമാരുടെ ആവശ്യങ്ങളെ അനുഭാവപൂർവ്വം പരിഗണിക്കുകയും സമരം ഒത്തുതീർപ്പാക്കുകയും ചെയ്തു. അവശേഷിക്കുന്ന ആശുപത്രികളിലെ സമരം ഒത്തുതീർപ്പാക്കുന്നതിനായി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മീഡിയേഷൻ ആരംഭിക്കുകയും സമരം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, മീഡിയേഷൻ പരാജയപ്പെട്ടതിനെ തുടർന്ന് നേഴ്സുമാർ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്.
ഒരു തൊഴിലാളിയുടെ വേതനം നീതിപൂർവ്വകവും ന്യായവും മാന്യവുമായിരിക്കണം (Just, fair, and decent Wage) എന്നാണ് കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനം പഠിപ്പിക്കുന്നത് (റേരും നൊവാരും). വേതനം തൊഴിലാളിക്ക് മാത്രമല്ല, അവരുടെ കുടുംബത്തിനും മാന്യമായി ജീവിക്കാൻ ഉതകുന്നതായിരിക്കണം എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും പഠിപ്പിക്കുന്നുണ്ട് (CCC 2434). മാന്യമായ കൂലി അടിസ്ഥാന ധാർമ്മികതയുടെ കാര്യമാണെന്നാണ് മഹാത്മാഗാന്ധിയുടെ മതം.
ഒരു നേഴ്സാകാൻ ദീർഘകാലത്തെ പഠനമുണ്ട്. ഭീമമായ ചെലവുണ്ട്. കഠിനമായ അധ്വാനമുണ്ട്. പകലും രാത്രിയും ഷിഫ്റ്റുണ്ട്. ജോലിയാകട്ടെ അവശ്യമേഖലയിലുള്ളതും. എന്നിട്ടും അവർക്ക് ലഭിക്കുന്നത് കേരളത്തിലെ ഒരു അവിദഗ്ദ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ താഴ്ന്ന വേതനമാണ്. ഈ ദുരവസ്ഥയ്ക്ക് തീർച്ചയായും മാറ്റം വരണം. മാന്യമായ വേതനത്തിന് (40,000/-നാല്പതിനായിരം രൂപ) നേഴ്സുമാർ അർഹരാണ്. അതിനാൽ നേഴ്സുമാരുടെ ആവശ്യങ്ങളെ അനുഭാവപൂർവ്വം പരിഗണിക്കാൻ കേരളത്തിലെ മുഴുവൻ ആശുപത്രി മാനേജ്മെന്റുകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയ സംഭാവന നൽകിയ ക്രൈസ്തവ ആശുപത്രി മാനേജ്മെന്റുകൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് ഞങ്ങൾ കരുതുന്നു. ആശുപത്രികളെ ഒരു വ്യവസായമായി കണ്ടുകൊണ്ടായിരുന്നില്ലല്ലോ ക്രിസ്തീയ സഭകൾ ആതുരസേവന രംഗത്തിറങ്ങിയത്. ഇന്ന് ഏറ്റവുമധികം ക്രൈസ്തവർ ജോലി ചെയ്യുന്ന ഒരു മേഖലയും നേഴ്സിംഗ് ആണെന്ന് സഭകളുടെ നേതൃത്വം മനസ്സിലാക്കണം. കരുതൽ വാക്കുകളിലല്ല; പ്രവൃത്തിയിലാണ് പ്രകടമാക്കേണ്ടത്. സഭാസ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും വേണ്ടി വളരെയധികം സാമ്പത്തിക സഹായം ചെയ്തിട്ടുള്ളവരുമാണ് നേഴ്സുമാർ.
ക്രിസ്ത്യാനികൾക്കു വേണ്ടി മാത്രമല്ല മുഴുവൻ മനുഷ്യർക്കു വേണ്ടിയും നീതിയുടെ പക്ഷത്തു നിലയുറപ്പിക്കുക എന്നതാണല്ലോ
സഭയുടെ അടിസ്ഥാന ദൗത്യം. അതിനാൽ, ക്രൈസ്തവ ആശുപത്രി മാനേജ്മെന്റുകളും മേലധ്യക്ഷൻമാരും നീതിക്ക് വേണ്ടിയുള്ള നേഴ്സുമാരുടെ നിലവിളികളെ യേശുവിന്റെ കണ്ണുകളിലൂടെയും സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തിലും മനസ്സിലാക്കണമെന്നും നീതിപൂർവ്വകമായ തീരുമാനങ്ങളിലൂടെ മാതൃക കാണിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
എന്ന്,
ലിഡ ജേക്കബ് IAS
ഫാ. ഡോ. ജേക്കബ് നാലുപറയിൽ MCBS
ഫാ. ഡോ. പോൾ തേലക്കാട്ട്
ഫാ. ബേബി ചാലിൽ SJ
ഫാ. അഗസ്റ്റിൻ വട്ടോലി
ഫാ. ഫ്രാൻസിസ് ജോസ് ഒഴാക്കൽ CMI
ഫാ. ആൻ്റണി തെക്കിനിയത്ത് Cap
ഷൈജു ആൻ്റണി, എറണാകുളം
പി. എഫ്. മാത്യൂസ്, കൊച്ചി
പീറ്റർ കെ. ജോസഫ്, തൊടുപുഴ
റിജു കാഞ്ഞൂക്കാരൻ, എറണാകുളം
സി. മെറിൻ CMC
സി. ഷേർളി കീരൻചിറ MMS
ബേബി ജോൺ, കോട്ടയം
അന്ത്രയോസ് ആൻ്റണി, ചങ്ങനാശ്ശേരി
ഡോ. കൊച്ചുറാണി എബ്രാഹം, കോട്ടയം
ഫാ. സജി കണ്ടശ്ശാംകുന്നേൽ SJ
ഡോ. തോംസൺ പരവര, എറണാകുളം
ഫാ. അജി പുതിയാപറമ്പിൽ
റോണി ജോസഫ് തൃശ്ശൂർ
ബിജു തോമസ്, എറണാകുളം
ജോസ് മുണ്ടത്താനം, മുക്കം
സിറിയക് സെബാസ്റ്റ്യൻ, കളമശ്ശേരി
ഫാ. ബേണി വർഗ്ഗീസ് Cap
ഫാ. വർഗ്ഗീസ് മണിമല Cap
സിബി തോമസ് UK
ജോൺ പുളിന്താനം, എറണാകുളം.




