
കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അതിരാത്രം ഇന്ന് തുടങ്ങും. ഏപ്രില്‍ 26 വരെ കക്കോടി വേദമഹാമന്ദിരത്തില്‍ വെച്ചാണ് അതിരാത്രം നടക്കുക. ആചാര്യശ്രീ രാജേഷിൻ്റെ രണ്ടായിരത്തിലധികം ശിഷ്യർ നടത്തുന്ന സമൂഹ അഗ്നിഹോത്രത്തോടെയാണ് അതിരാത്രം ആരംഭിക്കുക.
ചരിത്രത്തില്‍ ആദ്യമായാണ് കോഴിക്കോട് അതിരാത്രം സംഘടിപ്പിക്കപ്പെടുന്നത്. 2014ല്‍ കാശ്യപാശ്രമം വിപുലമായ രീതിയില്‍ അഗ്നിഷ്ടോമ സോമയാഗം സംഘടിപ്പിച്ചിരുന്നു. അഗ്നിഷ്ടോമത്തിനു ശേഷം ചെയ്യുന്നതാണ് അതിരാത്രം.
ആയിരം ഇഷ്ടികകൾ കൊണ്ട് അഞ്ചു പാളികളിലായി പ്രത്യേക രീതിയിൽ അടുക്കി യാഗപീഠം നിർമിക്കുന്ന അഗ്നിചയന ചടങ്ങ് അതിരാത്രത്തിന്റെ പ്രത്യേകതയാണ്. ചിറകു വിരിച്ച പരുന്തിന്റെ രൂപത്തിലായിരിക്കും യാഗപീഠം നിർമിക്കുക,
വിദ്വൽ സദസ്സുകൾ, കലാപരിപാടികൾ, ശാസ്ത്ര പ്രദർശിനികൾ, വീഡിയോ പ്രദർശനങ്ങൾ, സന്ന്യാസി സഭ, പുരസ്കാര വിതരണം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
യാഗസംസ്കാരവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ ഉണ്ടായ ഗണിത-ജ്യോതിശ്ശാസ്ത്ര വളര്‍ച്ചയുടെ ചരിത്രത്തെ യാഗഭൂമിയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അതിരാത്രം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി ഗവേഷണത്തിന് ഉതകുംവിധം സംരക്ഷിക്കുകയും ചെയ്യും.
കർണാടകയിലെ മത്തൂരിൽ നിന്നും അതിരാത്രത്തിന് കാർമികത്വം വഹിക്കുന്ന യാജ്ഞികർ എത്തിച്ചേർന്നിട്ടുണ്ട്. കൂടാതെ ഉത്തര ഭാരതത്തിലെ വിവിധ വേദ ഗുരുകുലങ്ങളിൽ നിന്നുള്ള ബ്രഹ്മചാരികളും ആചാര്യന്മാരും അതിരാത്രത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.
കോഴിക്കോട് അതിരാത്രത്തിൻ്റെ വെബ്സൈറ്റ് “athirathram.com” പ്രവർത്തനസജ്ജമാണ്. അതിരാത്ര ദിനങ്ങളിൽ നടക്കുന്ന അന്നപ്രസാദ വിതരണത്തിനുള്ള കലവറ നിറയ്ക്കൽ ഇന്നലെ വേദമഹാ മന്ദിരത്തിൽ നടന്നു.




