EDUCATIONKERALAlocalOthers

ചക്കരമാങ്ങ ശിൽപശാലക്ക് കൊടിയത്തൂരിൽ പ്രൗഢമായ പരിസമാപ്തി*

 

മുക്കം: ഉല്ലാസവും പഠനവും കെയറിങ്ങും അഭിനയവും കരവിരുതുമെല്ലാം കോർത്തിണക്കി അറിവിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങളുമായി കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ സമ്മർ വൈബ് റസിഡൻഷ്യൽ ശിൽപശാല ചക്കരമാങ്ങയ്ക്ക് ഉജ്വല പരിസമാപ്തി.

വിശാലമായ ക്ലാസ് മുറികൾക്കകത്തും പുറത്തും ആടിപ്പാടി പ്രകൃതിയുടെ വർണരാജിയിലൂടെ കുട്ടികളുടെ കണ്ണും മനസ്സും കുളിർപ്പിക്കുന്ന അനുഭവങ്ങളാണ് ക്യാമ്പ് സമ്മാനിച്ചത്. ആനന്ദക്കാറ്റിലാറാടുന്ന മരചില്ലകളും കളകളാരവം മുഴക്കുന്ന പക്ഷിലതാദികളുടെയും ശാന്തമായൊഴുകുന്ന അരുവികളുടെയും അപൂർവ്വ സൗന്ദര്യത്തിന്റെ വിസ്മയാനുഭൂതി പകർന്ന മനോഹര നിമിഷങ്ങളായിരുന്നു ക്യാമ്പിലെ ഫീൽഡ് ട്രിപ്പ്. നാട്ടു നന്മകളിലേക്കും ചരിത്രത്തിലേക്കും പരിസ്ഥിതി പാഠങ്ങളിലേക്കും കുട്ടികളുടെ മനസ്സ് പായിച്ച സാംസ്‌കാരിക സായാഹ്നവും, ഇരുഴിഞ്ഞിപ്പുഴയിലെ തൂക്കുപാലം കടന്ന് ആകാശസൗന്ദര്യത്തിന്റെ അനന്ത വിസ്മയകരമായ രാത്രി കാഴ്ചകളുമെല്ലാം ചക്കരമാങ്ങയെ ഏറെ ഹൃദ്യമാക്കി. നാടൻ പാട്ടുകളും സ്‌പോട്ട് അഭിനയ പരിശീലനവും ഇഷ്ടപ്പെട്ടുള്ള ഇംഗ്ലീഷ് സംസാരങ്ങളും നിർമാണ കരവിരുതുകളുമെല്ലാം കുട്ടികളിലെ പ്രതിഭകളെ കൂടുതൽ തിളക്കമുള്ളതാക്കി. കവിതയും നാടൻ പാട്ടുകളും സിനിമാ പാട്ടുകളും മാപ്പിളപ്പാട്ടുകളും ഒപ്പനപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും സ്വാതന്ത്ര്യസമര ഉണർത്തുപാട്ടുകളുമെല്ലാമായി ഹൃദയതന്ത്രിയിൽ ശ്രുതിയിട്ട ഒരുപിടി ഇഷ്ടഗാനങ്ങൾ പാടി, അത്യുഷ്ണത്തിലും അതിഥികളും ക്യാമ്പ് അംഗങ്ങളും ചക്കരമാമ്പഴം ഏറെ മധുരമാർന്ന അനുഭവമാക്കി.

ക്യാമ്പ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.സി അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രേമ ടീച്ചർ, ഹെഡ്മിസ്ട്രസ്സ് എം.കെ ഷക്കീല ടീച്ചർ, കെ.സി റിയാസ്, എം.പി ജസീദ ടീച്ചർ സംസാരിച്ചു. നാടക സംവിധായകനും വിദ്യാരംഗം സംസ്ഥാന അവാർഡ് ജേതാവുമായ വിനോദ് പാലങ്ങാട് (അഭിനയം), നിസാർ ഇല്ലക്കണ്ടി, റഹ്മത്തുല്ല അരീക്കോട് (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), യു.പി അബ്ദുന്നാസർ (വാന നിരീക്ഷണം), ഇ.കെ അബ്ദുസ്സലാം മാസ്റ്റർ (ഫീൽഡ് ട്രിപ്പ്), കെ.സി ഹാഷിദ് മാഷ് (ക്രിയേറ്റീവ് കോർണർ), ചേളന്നൂർ പ്രേമൻ (നാടൻ കലകൾ), അജിത ടീച്ചർ, ഷഹീദ ടീച്ചർ (വർക്ക് എക്‌സ്പീരിയൻസ്), നജീബ് ആലേക്കൽ (വ്യായാമം) എന്നിവയ്ക്ക് നേതൃത്വം നൽകി.

ബെസ്റ്റ് ക്യാമ്പറായി മിയ മെഹറിനെയും മികച്ച അഭിനേത്രികളായി സനിയ, സിയ എന്നിവരെയും തെരഞ്ഞെടുത്തു. സമാപന സെഷനിൽ പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. മികച്ച ക്യാമ്പർക്കുള്ള ഉപഹാരം മിയ മെഹറിന് പ്രധാനാധ്യാപിക എം.കെ ഷക്കീല ടീച്ചർ സമ്മാനിച്ചു. കെ.സി റിയാസ്, വി.സി അബ്ദുല്ലക്കോയ, എം.പി ജസീദ ടീച്ചർ, സി.കെ ഷാഫി മാസ്റ്റർ പ്രസംഗിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close