
കോഴിക്കോട് : അയ്യായിരം പേർ ഒന്നിച്ചിരുന്ന് ഒരേ മനസ്സോടെ നടത്തിയ അഗ്നിഹോത്രത്തോടെ കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു.
എം ഡി എച്ച് ഗ്രൂപ്പ് ചെയർമാൻ മഹാശയ് രാജീവ് ഗുലാട്ടി അതിരാത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാശ്യപാശ്രമ സന്ദേശം കേരളത്തിന്റെ അതിർത്തിക്കപ്പുറം എത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രസംഗത്തിൽ എടുത്തു പറഞ്ഞു . സനാതനധർമ്മം വരും തലമുറക്ക് കൈമാറുന്ന വിജ്ഞാപനം പങ്ക് വെക്കലാണ് അതിരാത്രം പോലെയുള്ള ഇത്തരം മഹദ്കർമ്മങ്ങളിലൂടെ സാധിതമാകുന്നതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ആചാര്യശ്രീ രാജേഷ് പറഞ്ഞു.
മുൻ കേന്ദ്ര മന്ത്രി ഡോ. സത്യപാൽ സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മഹാശയ് രാജീവ് ഗുലാട്ടിയെയും ഡോ: സത്യപാൽ സിംഗിനെയും ആചാര്യശ്രീ രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. വിവേക് ഡി ഷേണായ്, എം ആർ വേദലക്ഷ്മി, ഒ.ബാബുരാജ് വൈദിക് എന്നിവരും പ്രസംഗിച്ചു. വൈകീട്ട് ഭരതനാട്യം, സംഗീത കച്ചേരി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
കഥകളി, വാദ്യഘോഷങ്ങൾ, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. ദൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ആര്യസമാജത്തിലെ വേദ പ്രവർത്തകരുടെ സംഘം സന്ദീപ് ആചാര്യയുടെ നേതൃത്വത്തിൽ അതിരാത്രത്തിൻ്റെ വളണ്ടിയർമാരായി എത്തിച്ചേർന്നിട്ടുണ്ട്.
അതിരാത്ര വേദിയിൽ ഗണപതി പൂജ, പുണ്യാഹം, സങ്കൽപം, ഋതിക് വരണം, മധുപർക്കം, ഉഖാ സംഭരണം, വായവ്യയാഗം, പ്രധാന യാഗം, ഹവിർയാഗം, നാന്ദീശ്രാദ്ധം, ദീക്ഷണീയേഷ്ടി, ക്ഷൗരം, ദീക്ഷാഗ്രഹണം, ഉഖാ പ്രവൃജനം, വിഷ്ണുക്രമണം, സനീഹാര പ്രസ്ഥാപനം എന്നിവ നടന്നു.
അതിരാത്രത്തിന്റെ രണ്ടാം ദിവസമായ നാളെ രാവിലെ 6. 30 മുതൽ തുടങ്ങുന്ന ചടങ്ങുകൾ രാത്രി വരെ നീളും
ഏപ്രിൽ 26 വരെ കക്കോടി വേദ മഹാമന്ദിരത്തിലാണ് അതിരാത്രം നടക്കുക. 2014ല്‍ കാശ്യപാശ്രമം സംഘടിപ്പിച്ച അഗ്നിഷ്ടോമ സോമയാഗത്തിൻ്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന അതിരാത്രം




