Politics
കണ്ണൂരിൽ പാർട്ടി കോട്ടകൾ തകർന്നുവീഴുന്നു

കണ്ണൂർ : നേതൃത്വത്തോട് ഇടഞ്ഞ് സിപിഐഎമ്മിൽ നിന്ന് പുറത്തായവർ പാർട്ടി കോട്ടകളെ വിറപ്പിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷ്യം വഹിച്ചത്.സിപിഐഎമ്മിന്റെ ഉറച്ച കേന്ദ്രമായ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും, തളിപ്പറമ്പിൽ ടി. കെ. ഗോവിന്ദനും നേടിയ വിജയം ഭരണകൂടത്തിന് നൽകുന്ന ഷോക്ക് ചെറുതല്ല. കുടുംബ രാഷ്ട്രീയത്തിനെതിരെ പ്രസംഗിക്കുന്ന പാർട്ടി എങ്ങനെ സെക്രട്ടറിയുടെ ഭാര്യയ്ക്ക് സീറ്റ് നൽകും എന്ന അണികളുടെ ചോദ്യത്തിന് ബാലറ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് തളിപ്പറമ്പ്. ശ്യാമള ടീച്ചർക്കെതിരെ കലാപക്കൊടി ഉയർത്തി പാർട്ടി വിട്ട ടി. കെ. ഗോവിന്ദൻ നേടിയത് അവിശ്വസനീയ വിജയമാണ്.പയ്യന്നൂരിൽ കഥ മാറ്റിയെഴുതിയത് രക്തസാക്ഷി ഫണ്ട് തിരിമറിക്കെതിരെ ശബ്ദമുയർത്തിയ വി. കുഞ്ഞികൃഷ്ണനാണ്. ആരോപണവിധേയനെ സംരക്ഷിച്ച നേതൃത്വത്തിന് തന്റെ പുസ്തകത്തിന്റെ പേര് പോലെ തന്നെ അണികൾ നേതൃത്വത്തെ തിരുത്തുന്നു എന്ന് അദ്ദേഹം തെളിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് പോലും ഒരു യൂത്ത് കോൺഗ്രസ് നേതാവ് കോട്ടയിൽ കയറി വിറപ്പിച്ച കാഴ്ചയും നമ്മൾ കണ്ടു.മറ്റൊരു വലിയ തിരിച്ചടി കെ. കെ. ശൈലജയുടേതാണ്. കഴിഞ്ഞ തവണ 60,000 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിലേക്ക് അയച്ചത് ഒതുക്കാനുള്ള തന്ത്രമാണെന്ന അണികളുടെ മുറുമുറുപ്പ് സത്യമായി. ലോക്സഭയ്ക്ക് പിന്നാലെ നിയമസഭയിലും ശൈലജ ടീച്ചർ പരാജയത്തിന്റെ കയ്പ്പറിഞ്ഞു.




