
കോഴിക്കോട് :
2026-27 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് രാവിലെ 10ന് എം കെ രാഘവന് എം.പി ഉദ്ഘാടനം നിര്‍വഹിക്കും. വി ടി സൂരജ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, വൈസ് പ്രസിഡന്റ് കെ കെ നവാസ്, സ്ഥിരം സമിതി അധ്യക്ഷര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ജില്ലയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
*പരിസ്ഥിതി ദിനാചരണം: ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍*
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ‘ഗാന്ധിവൃക്ഷം’ നട്ട് സംരക്ഷിക്കും. ഗ്രാമപഞ്ചായത്തുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബുകള്‍ ബഹുജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ ശുചിത്വ ജില്ലയായി കോഴിക്കോടിനെ മാറ്റും. ജില്ലയില്‍ ‘ഗ്രീന്‍ ആര്‍മി’ എന്ന പേരില്‍ റിസോഴ്സ് ടീം രൂപീകരിക്കും. പരിസ്ഥിതി സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ‘ഭൂമിവായന’ എന്ന ഏകപാത്ര നാടകം ജില്ലയിലെ വിദ്യാലയങ്ങളിലും റസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മകളിലും മറ്റു പൊതു ഇടങ്ങളിലും അവതരിപ്പിക്കും.
സ്കൂള്‍തല പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ക്കായി റീല്‍സ് മത്സരം നടത്തും. ജൂണ്‍ 5 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കാലയളവില്‍ മികച്ച പരിസ്ഥിതി, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രാമപഞ്ചായത്തുകളെയും വിദ്യാലയങ്ങളെയും റസിഡന്റ്സ് അസോസിയേഷനുകളെയും ആദരിക്കും.
*ഉന്നത വിജയികളെ ആദരിക്കും*
ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയും സയന്‍സ് ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാക്കളെയും ജില്ലാ പഞ്ചായത്ത് ആദരിക്കും. ജൂണ്‍ ആറിന് രാവിലെ 10ന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമോറിയല്‍ ജൂബിലി ഹാളില്‍ നടക്കുന്ന ‘വിക്ടോറിയ 2026’ പരിപാടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ കെ നവാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുനീര്‍ എരവത്ത്, സ്ഥിരം സമിതി അംഗങ്ങളായ ബാലാമണി ടീച്ചര്‍, ബല്‍ക്കീസ് ടീച്ചര്‍, റീമ കുന്നുമ്മല്‍, സെക്രട്ടറി വി കെ മുരളി എന്നിവരും സംബന്ധിച്ചു.




