
മുക്കം: പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാ ചുവടുകളുമായി മുന്നോട്ടു കുതിക്കുന്ന, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിലെ ഫുട്‌ബോൾ അക്കാദമി ബലി പെരുന്നാളിനോടനുബന്ധിച്ച് ഈദ് ഫുട്‌ബോൾ സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ് ഡേ നൈറ്റ് അറീനയിൽ നടന്ന ചാമ്പ്യൻഷിപ്പ് സി.കെ കാസിം എം.എൽ.എ ഉദ്ഘാടനംചെയ്തു. സ്‌കൂൾ മുന്നോട്ടു വെച്ച ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ തന്റെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ ശ്രമങ്ങളും അദ്ദേഹം ഉറപ്പു നൽകി.
സർവീസിൽനിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം.കെ ഷക്കീല ടീച്ചറെയും അനിത ടീച്ചറെയും ചടങ്ങിൽ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി ചെയർമാൻ കെ.സി റിയാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ഫൈസൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
കിക്കോഫ്, പനേൽക്ക, റിയൽ ഫൈറ്റേഴ്‌സ്, മാസ്റ്റർ കിക്ക്, ലോങ് റേഞ്ചർ, സ്റ്റാർ ഷൂട്ടേഴ്‌സ്, കിൽ കിക്കേഴ്‌സ്, മിഡ് കിങ്‌സ് എന്നി ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ യു.പി വിഭാഗത്തിൽ ഷൂട്ടൗട്ടിലൂടെ റിയൽ ഫൈറ്റേഴ്‌സ് ജേതാക്കളായി. പനേൽക്കയാണ് റണ്ണേഴ്‌സ്. എൽ.പി വിഭാഗത്തിൽ ഷൂട്ടിങ് ഇലവനെ തോൽപ്പിച്ച് കിക്കോഫ് ടീമും ജേതാക്കളായി. ഷമീൽ മാഷ് മത്സരം നിയന്ത്രിച്ചു.
വിജയികൾക്കുള്ള ട്രോഫി സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ ഷക്കീല ടീച്ചറും റണ്ണേഴ്‌സിനുള്ള ട്രോഫി അനിത ടീച്ചറും സമ്മാനിച്ചു. എസ്.എം.സി ചെയർമാൻ പി.പി ഫൈസൽ, ഫുട്‌ബോൾ അക്കാദമി കൺവീനർ സതീഷ് കുമാർ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് വി.സി അബ്ദുല്ലക്കോയ, എം.പി.ടി.എ ചെയർപേഴ്‌സൺ സി.കെ ജസീല, കരീം മാസ്റ്റർ, ഹമീദ് ചൂലൂർ, ഗ്രാമപഞ്ചായത്ത് മുൻ അംഗം ടി.കെ അബൂബക്കർ മാസ്റ്റർ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നജീബ് മാസ്റ്റർ ആലേക്കൽ, ഷബ്‌നാസ്, ജസ്‌ന കെ.പി, ഹസീന, സജ്‌ന ഉള്ളാട്ടിൽ, മുൻ പി.ടി.എ പ്രസിഡന്റ് റഷീദ് കുയ്യിൽ, അധ്യാപകരായ സി.കെ ഷാഫി മാസ്റ്റർ, നവാസ് മാസ്റ്റർ, കദീജ ടീച്ചർ, ജർഷിന ടീച്ചർ, സന്ധ്യ ടീച്ചർ, ഖൈറുന്നീസ ടീച്ചർ, ജുനൈഹ ടീച്ചർ, തസ്‌നീബാനു തുടങ്ങിയവർ സംബന്ധിച്ചു. വൈകുന്നേരം ആരംഭിച്ച ഈദ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് രാത്രി ഭക്ഷണത്തോടെയാണ് സമാപിച്ചത്.
ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചെറിയ തുടക്കമാണ് സ്‌കൂളിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഫുട്‌ബോൾ അക്കാദമി. ഇതിനകം നിരവധി ട്രോഫികൾ സ്‌കൂളിലെത്തിച്ച അക്കാദമിയിലെ മികവ് തെളിയിച്ച പല കുട്ടികളും ഇതിനകം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ടീമികളിൽ ഇടം പിടിച്ചിട്ടുണ്ട്. 900-ത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ കുട്ടികളെയാണ് എട്ടു ടീമുകളായി തിരിച്ച്, പ്രത്യേകം ശിക്ഷണം തുടരുന്നത്. ഷമീൽ അരീക്കോട് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.




