കോഴിക്കോട് : രാജാജി റോഡ് ജംഗ്ഷന് സമീപം വെച്ച് യുവാവിനെ ആക്രമിച്ച് പണവും, രേഖകൾ അടങ്ങിയ പേഴ്സും പിടിച്ചുപറി നടത്തിയ കേസിലെ പ്രതികളായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കൂമൻകണ്ടി വീട്ടിൽ അറാഫത്ത് (32 ), നടക്കാവ് പുതിയ കടവ് സ്വദേശി രായിൻപുരയിൽ വീട്ടിൽ ഫൈസൽ @ കൊള്ളി ഫൈസൽ ( 46 ) എന്നിവരെയാണ് കസബ പോലീസും, സിറ്റി ക്രൈം സ്കോഡും ചേർന്ന് പോലീസ് പിടികൂടിയത്.
25.05.2026 തിയ്യതി രാത്രി കോഴിക്കോട് രാജാജി റോഡ് ജംഗ്ഷന് സമീപം വെച്ച് തിരുവമ്പാടി സ്വദേശിയായ യുവാവിനെ പ്രതികൾ ആക്രമിച്ച് ഇയാളുടെ കയ്യിലുണ്ടായിരുന്ന 8500 രൂപയും, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, എ.ടി.എം. കാർഡ് എന്നിവ അടങ്ങിയ പേഴ്സും പ്രതികൾ പിടിച്ചുപറിച്ചു കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ സംഭവ സ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെപ്പറ്റി മനസ്സിലാക്കുകയും, സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ കേസിലെ പ്രതികൾക്ക് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ആഷിസ്, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർമാരായ സജേഷ് കുമാർ പി , രാജീവ് കുമാർ, സിവിൽ പോലീസ് ഓഫീസർ രതീഷ്, ടൗൺ അസ്സി: കമീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു.എം, സുജിത്ത് സി.കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോയതിയിൽ ഹാജരാക്കി.




