KERALAlocalOthers

കഥാശ്വാസം കഥാപുരസ്‌കാരം അംബികാ സുതൻ മാങ്ങാടിന്

കോഴിക്കോട്: കഥാശ്വാസം ശബ്ദ പരമ്പരയുടെ 2026-ലെ കഥാപുരസ്‌കാരത്തിന് പ്രശസ്ത കഥാകൃത്ത് അംബികാ സുതൻ മാങ്ങാട് അർഹനായി.

2020-ലെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് ബന്ന ചേന്ദമംഗല്ലൂർ ആരംഭിച്ച കഥാശ്വാസം ശബ്ദപരമ്പരയുടെ 600-ാം കഥയോടനുബന്ധിച്ച് ജൂലൈ 11-ന് കാളൂർ റോഡിലെ റിഥം ഹൗസ് പെർഫോമിങ് ആർട്സ് സ്റ്റുഡിയോയിൽ നടക്കുന്ന കഥാകൃത്ത്–ആസ്വാദക സംഗമത്തിൽ 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.

നവകഥാകൃത്തുക്കളിൽ കെ. എ. മനാഫ്, സുരേന്ദ്രൻ മങ്ങാട്ട്, സുജാത രാജേഷ്, കെ. വി. ജ്യോതിഷ് എന്നിവർക്ക് കഥാപ്രതിഭ പുരസ്‌കാരവും, ശ്രുതി മേലത്തിന് പ്രവാസി കഥാപ്രതിഭ പുരസ്‌കാരവും, ആയിഷ ഹിബ, ശിവദ കൂക്കൾ, ശ്രീഹിത രാജേഷ് എന്നിവർക്ക് വിദ്യാർഥി കഥാപ്രതിഭ പുരസ്‌കാരവും ചടങ്ങിൽ സമ്മാനിക്കും.

കഥകൾക്കു പുറമെ അവതരിപ്പിച്ച റമദാൻ മഴ, വിജയമന്ത്രങ്ങൾ, വെറ്റിലത്തരി പുരണ്ട ഓർമകൾ എന്നീ പരമ്പരകളുടെ രചയിതാക്കളായ പി. എം. എ. ഗഫൂർ, ഡോ. അമാനുള്ള വടക്കാങ്ങര, ഡോ. പി. സുരേഷ് എന്നിവരെയും തിരഞ്ഞെടുത്ത ആസ്വാദകരെയും ചടങ്ങിൽ ആദരിക്കും.

ഡോ. എം. കെ. മുനീർ, കെ. പി. രാമനുണ്ണി, യു. കെ. കുമാരൻ, പി. കെ. പാറക്കടവ്, വി. ആർ. സുധീഷ്, ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, എൻ. പി. ഹാഫിസ് മുഹമ്മദ്, ഡോ. ഖദീജ മുംതാസ്, ജമാൽ കൊച്ചങ്ങാടി, അബു ഇരിങ്ങാട്ടിരി, ബി. എം. സുഹ്റ, ഷീല ടോമി, മജീദ് സൈദ് തുടങ്ങി അമ്പതിലധികം കഥാകൃത്തുക്കളും കേരളത്തിനകത്തും പുറത്തുമുള്ള കഥാശ്വാസം ആസ്വാദകരും സംഗമത്തിൽ പങ്കെടുക്കും.

ഡോ. അക്ബർ സി., എം. പ്രഭാകരൻ, ഇ. പി. ഹംസ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close